മുനമ്പം ജുഡീഷ്യല്‍ കമ്മിഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി. മുനമ്പത്തെ ഭൂമി പ്രശ്നം പരിശോധിക്കാനുള്ള ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഉത്തരവ്. വിധിയോട് പ്രതികരിക്കേണ്ടത് സർക്കാരെന്ന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരും, അപ്പീൽ നൽകുമെന്ന് സർക്കാരും വ്യക്തമാക്കി.

ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ മുനമ്പത്തേത് വഖഫ് വസ്തുവകയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. വിഷയം വഖഫ് ട്രൈബ്യൂണലിന് മുന്നിലുമാണ്. ഇത്തരമൊരു വിഷയത്തിൽ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാൻ സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.  

കമ്മിഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ യാന്ത്രികമായി തീരുമാനമെടുത്തു. മനസിരുത്തിയല്ല ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. നിയമനത്തെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ല. വഖഫ് ഭൂമിയെന്ന് കണ്ടെത്തിയ വസ്തുവില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനാവില്ല. വഖഫ് ബോര്‍ഡ് തീരുമാനമോ, വഖഫ് നിയമമോ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയോട് പ്രതികരിക്കേണ്ടത് സര്‍ക്കാരെന്നും, വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും ജസ്റ്റിസ് സി.എൻ.രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു

മുനമ്പം ജുഡീഷ്യൽ കമ്മിഷനെ ഹൈക്കോടതി അസാധുവാക്കിയതോടെ കടലിൽ ഇറങ്ങി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമര സമിതി. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. കടുത്ത പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാൻ സമിതി യോഗം വൈകീട്ട് ചേരും. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും വഖഫ് സംരക്ഷണ സമിതി പ്രതികരിച്ചു.

മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലെ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭൂ സംരക്ഷണ സമിതി നടത്തുന്ന റിലേ നിരാഹാര സമരം 156ആം ദിവസത്തിലെത്തി നിൽക്കെയാണ് ജുഡീഷ്യൽ കമ്മിന്റെ പ്രവർത്തനം അസാധുവാക്കി ഹൈക്കോടതി ഉത്തരവ് വന്നത്. ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചതുകൊണ്ട് പ്രശ്ന പരിഹാരമുണ്ടാകില്ലെന്ന് ആദ്യമേ നിലപാട് സ്വീകരിച്ചത് സമരസമിതി ചൂണ്ടിക്കാട്ടുന്നു.

കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിനുള്ള അധികാരം കോടതി ശരിവച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രി പി. രാജീവ് പറഞ്ഞത്. കമ്മീഷന്‍റെ പ്രവര്‍ത്തനം ട്രൈബ്യൂണലിനെ സ്വാധീനിക്കില്ലേ എന്നാണ് കോടതിയുടെ സംശയം. ഭൂമി വഖഫിന്‍റേതാണോ അല്ലയോ എന്ന് തീരുമാനിക്കാനല്ല കമ്മീഷനെ നിയമിച്ചത്. മുനമ്പത്തുള്ളവരുടെ നിയമപരമായ അവകാശം സംരക്ഷിക്കാന്‍ ശുപാര്‍ശ നല്‍കാനാണ് കമ്മീഷനെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. 

സര്‍ക്കാര്‍ അവധാനതയോടെ കൈകാര്യം ചെയ്തില്ലെന്ന്  പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു . സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്ന് ഇ.‌ടി മുഹമ്മദ് ബഷീര്‍ . പ്രതിപക്ഷത്തിന്‍റെ നിലപാട് ശരിയെന്ന് തെളിഞ്ഞെന്ന് വി.‍ഡി.സതീശന്‍.  അപ്പീല്‌‍ പോകുന്നത് എന്തിനെന്നും, എന്തു വേണമെന്ന് കോടതിതന്നെ പറയട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിലപാടെടുത്തു. 

ENGLISH SUMMARY:

High Court cancels appointment of Munambam Judicial Commission