സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ കനത്ത നാശനഷ്ടം വിതച്ചു. മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റും ഇടിമിന്നലും നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ ശക്തമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മലപ്പുറം വണ്ടൂർ വാണിയമ്പലം എൽ.പി. സ്കൂളിന്റെ മേൽക്കൂരയുടെ സീലിംഗ് തകർന്നു. ശക്തമായ കാറ്റടിച്ചതോടെ കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. വാണിയമ്പലം റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മീതെ മരങ്ങൾ വീണു. വയനാട്ടിൽ ശക്തമായ കാറ്റിൽ വാഹനത്തിനു മുകളിൽ മരം വീണു. കൽപ്പറ്റയിൽ എസ്.പി. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേക്ക് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മരം വീണത്.
അപകടസമയം ജീപ്പിൽ ആളില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ജില്ലയുടെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റും മഴയും നാശനഷ്ടമുണ്ടാക്കി. കോന്നി കല്ലേലി റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ റോഡിൽ കുടുങ്ങി. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കും.