ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടേറിയറ്റ് നടയിൽ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും. വേതന വര്‍ധനവ് അടക്കം ഉന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് അങ്കണവാടി ജീവനക്കാർ രാപകല്‍ സമരം ആരംഭിച്ചത്.
ആശാപ്രവര്‍ത്തകരുടേതിനു സമാന ആവശ്യങ്ങളാണ് സമരത്തിൽ അങ്കണവാടി ജീവനക്കാരും ഉന്നയിക്കുന്നത്. മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 1200 ല്‍ നിന്ന് 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്.
പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വീണ ജോര്‍ജിന്‌റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും സെക്രട്ടേറിയറ്റ് പടിക്കലേക്ക് എത്തിയത്.
37 ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് സമാനമായി സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം ഇരുന്ന് ആവശ്യങ്ങൾ നേടിയെടുക്കാനാണ് അങ്കണവാടി ജീവനക്കാരുടെ ശ്രമം.