കോഴിക്കോട് വടകരയിൽ റോഡ് അടച്ച് ഉപരോധം നടത്തിയതിന് എൽ ഡി എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തു. ഇന്നലെ രാവിലെ ഹെഡ് പോസ്റ്റോഫിസിനു മുൻപിൽ റോഡ് അടച്ചു നടത്തിയ സമരത്തെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. പ്രവർത്തകരുടെ ബാഹുല്യമാണ് റോഡിൽ തടസമുണ്ടാകാൻ കാരണമെന്നാണ് എൽഡിഎഫിന്‍റെ വിശദീകരണം .
സമരത്തിനു വേണ്ടി റോഡിൽ പന്തൽ സ്ഥാപിച്ചത് ഇന്നലെ പുലർച്ചെ. രാവിലെ 10 നു തുടങ്ങിയ എൽ ഡി എഫ് ഉപരോധം 2 മണിക്കൂർ നീണ്ടു, ഈ സമയം ഗതാഗതം മുടങ്ങി. എടോടി കീർത്തി - കരിമ്പനപ്പാലം റോഡിലാണ് ഗതാഗതം നിലച്ചത്. പ്രകടനമായി വന്ന സമരക്കാർക്ക് ഇരിക്കാൻ റോഡിൽ കസേര ഇടുകയും ബാക്കിയുള്ളവർ കൂടി നിൽക്കുകയും ചെയ്തതോടെയാണ് ഗതാഗതം കുരുക്കുണ്ടായത്. എൽഡിഎഫ് മണ്ഡലം കൺവീനർ ടി പി ബിനീഷ് ഉൾപ്പടെയുള്ള എൽ ഡി എഫ് നേതാക്കളുടെയും കണ്ടാലറിയുന്ന പ്രവർത്തകരുടെയും പേരിലാണ് കേസ് എടുത്തിരിക്കുന്നത്.