കോഴിക്കോട് താമരശേരി ഈങ്ങാപുഴയിലെ ഷിബിലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി യാസർ കൊലപാതകം നടന്ന് 5 മണിക്കൂറിന് ശേഷം പിടിയിലായി. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ ഉണ്ടായിരുന്ന യാസറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെയാണ് ഭാര്യ ഷിബിലയെ കഴുത്തിൽ കുത്തിക്കൊല്ലുകയും ഷിബിലയുടെ മാതാപിതാക്കളെ യാസർ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള ഷിബിലയുടെ മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
നോമ്പുതുറക്കുന്ന സമയത്താണ് യാസര്‍ തന്റെ കാറില്‍ ഭാര്യ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. മൂന്നുവയസുമാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മുന്നില്‍വച്ചാണ് അമ്മയെ കൊലക്കത്തിക്കിരയാക്കിയത്. ആക്രമണം തടയാനെത്തിയ ഷിബിലയുെട ഉപ്പയ്ക്കും ഉമ്മയ്ക്കും പരുക്കേറ്റു. കൊലപാതകം നടത്തിയ ശേഷം കാറില്‍ തിരിച്ചുപോയ യാസര്‍ പൂനൂരിലെത്തി പെട്രോളടിച്ചതായും പണം നല്‍കാതെ കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ഷിബിലയും യാസറും നാലര വര്‍ഷങ്ങള്‍ക്കുമുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ആദ്യം വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു ഒരുമിച്ച് ജീവിച്ചത്. പിന്നീടാണ് ഷിബിലയുടെ നിര്‍ബന്ധപ്രകാരം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചത്. ആദ്യഘട്ടം മുതലേ ഇരുവര്‍ക്കുമിടെയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. പക്ഷേ താന്‍ കണ്ടെത്തിയ ആളായതിനാല്‍ തന്നെ വീട്ടുകാരെ പ്രശ്നങ്ങള്‍ അറിയിക്കാന്‍ ഷിബില ശ്രമിച്ചില്ല. ഷിബിലയുടെ സ്വര്‍ണമെല്ലാം വിറ്റ പണം ലഹരിഉപയോഗത്തിനായി യാസര്‍ ചെലവഴിച്ചു. കടുത്ത ലഹരിക്കടിമയായ യാസര്‍ ഷിബിലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. സ്നേഹിച്ചുകല്യാണം കഴിച്ചതുകൊണ്ട് നാലരവര്‍ഷം പിടിച്ചുനിന്നു, ഗത്യന്തരമില്ലാതെയാണ് ഷിബില സ്വന്തം വീട്ടിലേക്ക് കുഞ്ഞുമായി തിരിച്ചെത്തിയത്. ഒരു ഡ്രസ് മാത്രമെടുത്താണ് ഷിബില കുഞ്ഞിനെയുമെടുത്ത് തിരിച്ചുവന്നത്.
അംഗനവാടിയില്‍ പോകുന്ന കുഞ്ഞിന്റേതുള്‍പ്പെടെ ബാക്കിയുള്ള വസ്ത്രം തിരിച്ചുതരണമെന്ന് മധ്യസ്ഥര്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും യാസര്‍ തയ്യാറായില്ല. പൊലീസിനു പരാതി നല്‍കിയിട്ടും ക്രിയാത്മകമായി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. അവന്‍ വാങ്ങിച്ച വസ്ത്രമല്ലേ അവനിഷ്ടമുണ്ടെങ്കില്‍ തിരിച്ചുകൊടുക്കട്ടേയെന്നായിരുന്നു പൊലീസിന്റെ ആദ്യപ്രതികരണം, പിന്നീട് ഡ്രസ് കുഞ്ഞിനും ഷിബിലയ്ക്കും കൊടുക്കണമെന്നും യാസറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വസ്ത്രമെല്ലാം കൂട്ടിയിട്ട് കത്തിച്ച് വാട്സാപ് സ്റ്റാറ്റസാക്കിയായിരുന്നു യാസര്‍ അതിനു മറുപടി നല്‍കിയത്.
ഷിബിലയെ കൊലപ്പെടുത്തുമെന്ന് വാട്സാപ്പിലൂടെയടക്കം ഭീഷണിപ്പെടുത്തി. അതും പൊലീസിനു നല്‍കിയ പരാതിയിലുണ്ട്, എന്നാല്‍ കൂടുതല്‍ അന്വഷണത്തിനൊന്നും പൊലീസ് തയ്യാറായില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. താമരശ്ശേരിയില്‍ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ സുഹൃത്ത് കൂടിയാണ് യാസറെന്ന് ഈ അടുത്ത കാലത്താണ് ഷിബില മനസിലാക്കിയത്. ഇതും യാസറിന്റെ വീട്ടില്‍നിന്നും ഇറങ്ങാനുള്ള കാരണമായി പറയുന്നുണ്ട്. ഇവിടെക്കിടന്നു മരിക്കേണ്ടി വന്നാലും അവന്റെ കൂടെ ഇനി പോവില്ലെന്നു പറഞ്ഞിരുന്നെന്ന് ഷിബിലയുടെ മാതാപിതാക്കള്‍ പറയുന്നു.