പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തിയ ശശി തരൂരിന്റെ വാക്കുകൾ കോൺഗ്രസിനെതിരെ ആയുധമാക്കി ബി.ജെ.പി. രാഹുൽ ഗാന്ധി തരൂരിനെതിരെ നടപടിയെടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി വക്താവ് പറഞ്ഞു. തരൂരിന്‍റേത് പുതുമയുള്ള കാഴ്ചപ്പാടാണെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു.
റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് തരൂർ അഭിപ്രായപ്പെട്ടു. കൂടാതെ, ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരെ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും തരൂർ സമ്മതിച്ചു. ഡൽഹിയിലെ 'റെയ്സീന ഡയലോഗ്' സംവാദത്തിലാണ് പരാമർശം.