38 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെ ചർച്ചയ്ക്ക് വിളിച്ചു. ദേശീയ ആരോഗ്യ ദൗത്യം (NHM) സ്റ്റേറ്റ് മിഷനാണ് സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചത്. ചർച്ചയെ സ്വാഗതം ചെയ്യുന്നു. ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സമരനേതാക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് ആശമാരെ ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
സമരത്തിന്റെ മൂന്നാം ഘട്ടമെന്ന് നിലയില്‍ വ്യാഴം മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 10 മുതലാണ് സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരം തുടങ്ങിയത്. സമരത്തിനിടെ ആശാ വർക്കർമാർക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.