ആശാവര്‍ക്കര്‍മാരായ തങ്കമണിയും ഷീജയും | വീണാ ജോര്‍ജ്
സര്‍ക്കാരിന്റെ മർക്കടമുഷ്ടിക്കും സി.പി.എമ്മിന്‍റെ അധിക്ഷേപങ്ങൾക്കും മുൻപിൽ കീഴടങ്ങാത്ത ആശാവർക്കർമാരുടെ അസാധാരണ സമരപോരാട്ടം അടുത്തഘട്ടത്തിലേക്ക് കടക്കുന്നു. സമരവേദിയില്‍ നിരാഹാരമിരുന്ന് ശീലമില്ലെങ്കിലും പട്ടിണിയോട് പടവെട്ടിയ കരുത്തുമായാണ് ആശാവര്‍ക്കര്‍മാര്‍ ഇന്ന് നിരാഹാരം തുടങ്ങുന്നത്. കുംഭമാസച്ചൂടിലും വേനല്‍ മഴയിലും തളരാത്ത ആശാ സമരവീര്യം 39-ാം ദിവസം നിരാഹാരത്തിലേക്ക് കടക്കുകയാണ്.
സമരസമിതി നേതാവ് എം.എ.ബിന്ദുവും ആശാവര്‍ക്കര്‍മാരായ ആര്‍. ഷീജയും കെ.പി.തങ്കമണിയുമാണ് നിരാഹാരം തുടങ്ങുന്നത്. നിരാഹാരം ഇരുന്ന് ശീലമെങ്കിലും നിശ്ചയദാര്‍ഢ്യമാണ് ഷീജയ്ക്കും തങ്കമണിയുടെ കൈമുതല്‍. പുതുക്കുറിച്ചി സ്വദേശിയായ ഷീജയ്ക്ക് മൂന്നുമക്കളാണ്. വീട് വച്ചതിന്റെ വായ്പാ കഴിഞ്ഞമാസം മുടങ്ങി. എല്ലാ പ്രതീക്ഷയും ഈ സമരത്തിലാണ്. തൃക്കണാപുരത്തുകാരിയായ തങ്കമണി സമരം തുടങ്ങിയത് മുതല്‍ സെക്രട്ടേറിയറ്റിന് മുന്‍പിലാണ്. വിജയം കെയ്തേ മടങ്ങുവെന്ന ഉറപ്പിച്ചിരിക്കുകയാണ് തങ്കമണി.
സമരം നിരാഹാരത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന് മേല്‍ സമ്മദ്ദമേറും. അതിലാണ് സമരക്കാരുടെ പ്രതീക്ഷ. എന്നാല്‍ ഓണറേറിയം കൂട്ടുന്നതില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്ന് വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രി ഡല്‍ഹിക്ക് തിരിച്ചു.
അതേസമയം, ആശാവർക്കര്‍മാര്‍ക്ക് പിന്നാലെ സമരത്തിലേക്ക് കടന്ന അങ്കണവാടി അധ്യാപകർ, വർക്കേഴ്സ് എന്നിവരുടെ പ്രശ്നങ്ങൾ ഇന്ന് നിയമസഭയിൽ ഉയരും. പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നൽകും. തുഛമായ വേതനം, അങ്കണവാടികൾ നടത്തുന്നതിലെ പ്രായോഗിക പ്രയാസങ്ങൾ, പെൻഷൻ ആനുകൂല്യങ്ങളുടെ അഭാവം എന്നിവ ഉയർത്തിയാവും നജീബ് കാന്തപുരം അടിയന്തര പ്രമേയ നോട്ടിസ് നൽകുക. ജലസേചനം ഭക്ഷ്യം ഉൾപ്പെടെ ഏഴു വകുപ്പുകളുടെ ധനാഭ്യർഥനകളും സഭ പരിഗണിക്കും.