കേരള കാർഷിക സർവകലാശാലയുടെ വൈൻ ബ്രാൻഡ്–നിള–ഉടൻ വിപണിയിലെത്തും. വാഴപ്പഴം, പൈനാപ്പിള്‍, കശുമാങ്ങ എന്നിവ ഉപയോഗിച്ചുള്ള വൈനിന് എക്സൈസ് വകുപ്പിന്റെ അനുമതി ലഭിച്ചു. മറ്റ് രണ്ടു സ്വകാര്യ കമ്പനികൾക്കും ഇതിനൊപ്പം ലൈസൻസ് ലഭിച്ചിട്ടുണ്ട്.
സർവകലാശാലയിൽ വിളയിച്ചതും കാർഷികക്കാരിൽ നിന്നു വാങ്ങുന്നതുമായ പഴങ്ങളാണ് വൈൻ നിർമ്മാണത്തിന് സർവകലാശാല ഉപയോഗിക്കുന്നത്. പഴങ്ങളിൽ നിന്നു വൈൻ ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് കാർഷിക സർവകലാശാലയ്ക്ക് നേരത്തെ പേറ്റന്റ് ലഭിച്ചിരുന്നു. ഒരു മാസം പഴചാർ പുളിക്കുന്നതിനും, ആറുമാസം പാകപ്പെടുത്തുന്നതിനും വേണം. ഇങ്ങനെ ഏഴുമാസം വേണ്ടിവരും വൈൻ ഉണ്ടാക്കാനെന്നാണ് സർവകലാശാല പറയുന്നത്. കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് ഉൽപാദനത്തിന് തുടക്കമിട്ടത്. ബവ്റിജസ് കോർപ്പറേഷന്റെ വഴിയുള്ള വിൽപനയ്ക്കാണ് ധാരണയെങ്കിലും അന്തിമ തീരുമാനമെന്നെല്ലാം വന്നിട്ടില്ല. ആദ്യ ബാച്ചിൽ 500 കുപ്പി വൈനാണ് നിർമിച്ചത്. പുതിയ ചട്ടമനുസരിച്ച് മൂന്നു വർഷത്തേക്കാണ് ലൈസൻസ്. 50,000 രൂപയാണ് വാർഷിക ഫീസ്. കാർഷിക സർവകലാശാലയെ കൂടാതെ രണ്ട് കമ്പനികൾക്കു കൂടി ലൈസൻസ് ലഭിച്ചിട്ടുണ്ട്. അവരുടെ ബ്രാൻഡും ഉടൻ വിപണിയിലെത്തും. പുതിയ നയമനുസരിച്ചാണ് വൈൻ കമ്പനികൾക്ക് അനുമതി നൽകിയിരിക്കുന്നത്.