മലപ്പുറം പാണ്ടിക്കാട് ഉല്‍സവത്തിനിടെ എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ യുവാവിന്‍റെ നില ഗുരുതരം. പരുക്കേറ്റ ചെമ്പ്രശേരി സ്വദേശി ലുക്മാനെ കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാണ്ടിക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളില്ല.
ചെമ്പ്രശേരിയിലുള്ള ക്ഷേത്രത്തിലെ താലപ്പൊലി ഉല്‍സവത്തിനിടെയാണ് രാത്രി സംഘര്‍ഷമുണ്ടായത്. പെപ്പര്‍ സ്‌പ്രേയും എയർ ഗണും കമ്പി വടിയും ഉപയോഗിച്ച് ചേരിതിരിഞ്ഞായിരുന്നു സംഘർഷം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുളിവെട്ടുക്കാവില്‍ നടന്ന ഉത്സവത്തില്‍ ചെമ്പ്രശേരി ഈസ്റ്റ്, കൊടശേരി എന്ന സ്ഥലങ്ങളിലെ ആളുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ തുടര്‌ച്ചയാണ് ചെമ്പ്രശേരിയിലും ഉണ്ടായത് എന്നാണ് നിഗമനം. അക്രമത്തില്‍ ഇരുപതോളം പേർക്ക് പരുക്കേറ്റു. ചേരി തിരിഞ്ഞുള്ള കല്ലേറ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലിസ് നിയന്ത്രിച്ചത്.
പാണ്ടിക്കാട് പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. അക്രമം നടന്നത് രാത്രിയായതിനാല്‍ തന്നെ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഉല്‍സവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പലരുടേയും കയ്യിലുള്ള മൊബൈല്‍ ദൃശ്യങ്ങളും ശേഖരിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.