മലങ്കര യാക്കോബായ സുറിയാനി സഭയിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആത്മീയതയുടെയും വികസനത്തിന്‍റേയും മുഖമാണ്. അടിസ്ഥാനവർഗത്തെ കൈപിടിച്ചുയർത്തിയതിനൊപ്പം വിദ്യാഭ്യാസരംഗത്തും നിയുക്ത കാതോലിക്ക കൊണ്ടുവന്ന മാറ്റങ്ങൾ ചെറുതല്ല. 25ന് ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രഗോറിയോസ് വാഴിക്കപ്പെടുമ്പോൾ സഭാസമൂഹം പ്രതീക്ഷയിലാണ് .
യാക്കോബായ സുറിയാനി സഭയിലെ മറ്റ് ഭദ്രാസനങ്ങളെ അപേക്ഷിച്ച് വിസ്തൃതിയിൽ ചെറുതാണ് കൊച്ചി ഭദ്രാസനം. എന്നാൽ സഭയിലെ ഏറ്റവും പ്രധാന ഭദ്രാസനങ്ങളിൽ ഒന്നാണ് ഇന്ന് കൊച്ചി. അതിന്റെ ഒന്നാമത്തെ കാരണം 30 വർഷത്തിലേറെയായി കൊച്ചി ഭദ്രാസനത്തിന്‍റെ അമരക്കാരനായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്തയാണ്.
അടിസ്ഥാന വർഗത്തെ കൈപിടിച്ചുയർത്തി എന്നത് മാത്രമല്ല അദ്ദേഹത്തിന്‍റെ സവിശേഷത. വിദ്യാഭ്യാസരംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു ഗ്രിഗോറിയോസ് തിരുമേനി. കൊച്ചിയിലെ ഏറ്റവും പ്രധാന വിദ്യാലയങ്ങളിൽ ഒന്നായ ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന്‍റെ സ്ഥാപകനാണ് അദ്ദേഹം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി തിരുവാങ്കുളത്തെ ജോർജിയൻ അക്കാദമിയെ ഉയർച്ചയിലേക്ക് നടത്തി. കൊച്ചി ഏരൂർ ജെയ്‌നി സെന്‍റർ സ്പെഷ്ൽ സ്കൂളടക്കം സഭയുടെ കീഴിലുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരത്ത് ജോസഫ് മാർ ഗ്രിഗോറിയോസുണ്ട് . അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സഭ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് വിശ്വാസികൾ