കമ്പനി - ബോർഡ് ജൂനിയർ അസിസ്റ്റൻ്റ് റാങ്ക് ലിസ്റ്റ് നിലവിലിരിക്കേ ഒഴിവുവരുന്ന തസ്തികകൾ ആശ്രിത നിയമനം വഴി നികത്താൻ നീക്കം. ചവറ കെ.എം.എം.എല്ലിലാണ് നിയമനത്തിന് ക്രമവിരുദ്ധ നടപടികൾ ആരംഭിച്ചിരിക്കുന്നത്. കമ്പനി കോർപ്പറേഷൻ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനങ്ങൾക്കും വേഗം കുറവാണ്.
കെ എം എംഎൽ , KSFE , KSEB തുടങ്ങിയ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നത് കമ്പനി - ബോർഡ് അസിസ്റ്റൻ്റ് റാങ്ക് പട്ടികയിൽ നിന്നാണ് . എന്നാൽ K MML ൽ ഒഴിവുകൾ ക്രമവിരുദ്ധമായി ആശ്രിത നിയമനത്തിന് മാറ്റുന്നു എന്നാണ് ആക്ഷേപം. ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. കെ എം എം എല്ലിൽ ലാസ്റ്റ് ഗ്രേഡ് തസ്തികകൾ മുഴുവനായും ആശ്രിത നിയമനത്തിനായി വിട്ടു നൽകിയിരിക്കുകയാണ്. ഇതുകൂടാതെയാണ് ജൂനിയർ അസിസ്റ്റൻ്റ് ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാതെ ആശ്രിത നിയമനത്തിനായി മാറ്റുന്നത്
ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ആശ്രിത നിയമനം വഴി ജോലിക്ക് കയറ്റിയ ശേഷം പലരെയും തസ്തിക മാറ്റം വഴി ജൂനിയർ അസിസ്റ്റൻ്റുമാരാക്കി മാറ്റുകയും ചെയ്യുന്നു. ഇതും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടക്കാതിരിക്കാൻ കാരണമാകുന്നു. റാങ്ക് പട്ടിക നിലനിൽക്കുമ്പോൾ വിരമിക്കൽ, പ്രമോഷൻ വഴിയുണ്ടാക്കുന്ന എല്ലാ ഒഴിവുകളും പി എസ് സിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ.
സമാനതസ്തികയിൽ ജോലി ചെയ്തിരുന്ന ആൾ മറ്റൊരു ജോലി കിട്ടി പോകുമ്പോൾ അതും അറിയിക്കണം. പി എ സ് സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താതിരിക്കാനുള്ള നീക്കം തടയാൻ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. കഴിഞ്ഞ വർഷം മാർച്ചിൽ നിലവിൽ വന്ന കമ്പനി ബോർഡ് റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനത്തിന് വേഗം കുറവാണെന്നും ഉദ്യോഗാർഥികൾ പറയുന്നു