surendran

TOPICS COVERED

കേരളത്തില്‍നിന്ന്  ആദ്യമായി ലോക്സഭയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം ഉറപ്പാക്കിയെന്ന നേട്ടവുമായാണ് കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്ന് ഇറങ്ങുന്നത്.  സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടുശതമാനം ഇരുപതിലെത്തിച്ചുവെന്ന് മാത്രമല്ല  മലപ്പുറം ഒഴികെ ലോക്സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിവോട്ട്  ലക്ഷത്തിന് മുകളിലെത്തിക്കാനും സാധിച്ചു. എന്നാല്‍ കൊടകര കുഴല്‍പ്പണ വിവാദം ഉള്‍പ്പടെ പലതിലും ആരോപണങ്ങള്‍ നേരിടേണ്ടിയും വന്നു. 

ഊര്‍ജസ്വലനായ ചെറുപ്പക്കാരന്‍ എന്ന പ്രതിച്ഛായയുമായാണ്  2020 ഫെബ്രുവരി 15 ന് കെ.സുരേന്ദ്രന്‍  ചുമതലയേറ്റത്. എബിവിപിയുടെയും തുടര്‍ന്ന് യുവമോര്‍ച്ചയുടെയും അനിഷേധ്യനേതാവെന്ന നിലയിലുള്ള സമരങ്ങളായിരുന്നു ആധാരം. ശബരിമല യുവതീപ്രവേശന പ്രശ്നംവന്നപ്പോള്‍ ആചാരസംരക്ഷണ സമരങ്ങളുടെ മുന്നില്‍ത്തന്നെയുണ്ടായിരുന്നു.  ശബരിമല ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനെ ഇരുമുടിക്കെട്ടുമായി അറസ്റ്റുചെയ്ത് ആഴ്ചകളോളം ജയിലില്‍ അടച്ചത് ഏറെ വിവാദമായി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മല്‍സരിച്ച സുരേന്ദ്രന് 2,97,000 ല്‍പ്പരം വോട്ടുകിട്ടിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എങ്കിലും 2014 ലേതിനെക്കാള്‍ ഒന്നരലക്ഷത്തിലേറെ വോട്ടുകൂടുതല്‍ നേടാന്‍ സുരേന്ദ്രനായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മല്‍സരിച്ച സുരേന്ദ്രന്‍  നേമത്ത് നിന്ന് ജയിച്ച് ഒ. രാജഗോപാലിനൊപ്പം നിയമസഭയില്‍ എത്തേണ്ടതായിരുന്നു.വെറും 89 വോട്ടിനാണ് സുരേന്ദ്രന്‍  പരാജയപ്പെട്ടത്.  ബി.ജെ.പിയിലെ വി. മുരളീധര പക്ഷത്തിന്റെ ശക്തനായ വക്താവായ സുരേന്ദ്രന് തിരഞ്ഞെടുപ്പുകളിലെ  പ്രകടനവും ഗുണമായി . തുടര്‍ന്നാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായി സുരേന്ദ്രന്‍  സംസ്ഥാന അധ്യക്ഷനായത്.

തൊട്ടടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മല്‍സരിച്ചെങ്കിലും മഞ്ചേശ്വരത്ത് 745 വോട്ടിന്റെ വ്യത്യാസത്തില്‍ രണ്ടാമതും കോന്നിയില്‍ മൂന്നാമതുമാണ് എത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്കെതിരെ വയനാട് മല്‍സരിച്ച് ദയനീയമായി തോറ്റെങ്കിലും സംസ്ഥാന അധ്യക്ഷനെന്നനിലിയല്‍ പാര്‍ട്ടിയുെ വോട്ട് ശതമാനം കൂട്ടാനായത് നേട്ടമായി.ലോക്സഭയില്‍ അക്കൗണ്ട് തുറക്കാനായതും. ഇതിനിടെ കൊടകരയില്‍ കുഴല്‍പ്പണം പിടിച്ചതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടേണ്ടിവന്നു.   വി.മുരളീധരനുമായുള്ള പഴയ അടുപ്പം നഷ്ടമായെങ്കിലും 2026 നിയമസഭാ തിരഞ്ഞെടുപ്പുവരെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരാന്‍ കഴിയുമെന്നായിരുന്നു സുരേന്ദ്രന്‍ അനുകൂലികളുടെ പ്രതീക്ഷ. എന്നാല്‍ അഞ്ചുവര്‍ഷത്തെ കാലപരിധി മാദണ്ഡം കര്‍ശനമാക്കിയതോടെയാണ് സുരേന്ദ്രന് പടിയിറങ്ങേണ്ടിവന്നത്.

ENGLISH SUMMARY:

K. Surendran steps down as BJP Kerala State President after securing the party's first-ever representation from the state in the Lok Sabha. Under his leadership, BJP's vote share reached 20%, with party votes crossing one lakh in all constituencies except Malappuram. However, his tenure was also marked by controversies, including the Kodakara hawala scandal.