സിനിമ ആളുകളെ സ്വാധീനിക്കുമെന്ന് നടന്‍ രമേഷ് പിഷാരടി. സിനിമകണ്ടിട്ട് ആളുകള്‍ ഹെയര്‍ സ്റ്റൈല്‍ , ഫാഷന്‍ അടക്കം പലകാര്യങ്ങളും അനുകരിക്കും. സിനിമ കണ്ടിട്ട് ബുദ്ധിയുള്ള ഒരുത്തനും ഇതൊന്നും അനുകരിക്കില്ലെന്ന് നമ്മള്‍ പറയും. സിനിമയാണെന്ന ബോധ്യം ബുദ്ധിയുള്ളവര്‍ക്ക് ഉണ്ടെന്ന് പറയും. പക്ഷേ കോമണ്‍സെന്‍സ് ഈസ് നോട്ട് കോമണ്‍. എല്ലാവര്‍ക്കും ഈ ബുദ്ധിയില്ല. അവര്‍ അനുകരിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു. മനോരമ ന്യൂസ് കേരള കാൻ ഒൻപതാം പതിപ്പിന്‍റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന സൗജന്യ കാൻസർ നിർണയ ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ അനുകരിക്കും എന്ന ബോധ്യം സിനിമ ചെയ്യുന്നവര്‍ക്കും ഉണ്ടാകണം. പലയിടത്തും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. വലിയ ക്യാന്‍വാസിലാണ് ആളുകള്‍ സിനിമ കാണുന്നത്. വലിയ സ്ക്രീനില്‍ കാണുന്നത് മനസില്‍ പതിയും. കുറച്ചുകഴിയുമ്പോള്‍ ഇത് സ്വാഭാവികമായ കാര്യമാണെന്ന തോന്നല്‍ ഉണ്ടാവും. സിനിമ എല്ലാവരെയും സ്വാധീനിക്കില്ല എന്ന് പറയുന്നതാകും ശരി. ചിലരെ ഇതൊക്കെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .
കാന്‍സറിനെക്കുറിച്ച് കൂടുതല്‍ ബോധവത്കരണം നടത്തേണ്ടതുണ്ട്. കാരണം രോഗം തിരിച്ചറിഞ്ഞുകഴിഞ്ഞ് ഭയപ്പെടാന്‍ ഒരുപാട് സമയം ലഭിക്കുന്നുണ്ട്. ചുറ്റുമുള്ളവരുടെ പെരുമാറ്റവും അഭിപ്രായങ്ങളുമെല്ലാം നാം കേള്‍ക്കേണ്ടിവരും. ശാസ്ത്രം ഇത്രയേറെ വളര്‍ന്നസാഹചര്യത്തില്‍ മറ്റ് ഏതൊരു അസുഖം പോലെ തന്നെ സാധാരണ അസുഖമായി കാന്‍സറും മാറി. ബോധവത്കരണം നടത്തേണ്ടത് രോഗിക്ക് മാത്രമല്ല. അവരോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കു കൂടിയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
കേരളകാൻ ദൗത്യത്തിന്‍റെ ഭാഗമായ രണ്ടാമത്തെ ക്യാംപ് ആണ് ആലപ്പുഴയിൽ നടന്നത്. ഇഎംഎസ് ബിലിവേഴ്സ് ആശുപത്രിയിൽ നടന്ന സൗജന്യ കാൻസർ നിർണയ ക്യാംപിൽ പങ്കെടുക്കാൻ ഇരുനൂറോളം പേരാണ് എത്തിയത്. സ്മൈലി ദീപം തെളിച്ച് കവി വയലാർ ശരത് ചന്ദ്രവർമ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിശിഷ്ടാതിഥികൾ ദീപം തെളിച്ചു. സദസ്യർ മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചു കേരള കാൻ ദൗത്യത്തിൽ പങ്കുചേർന്നു.
ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, റോട്ടറി ഭാരവാഹികൾ, പൊതു പ്രവർത്തകർ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. പുന്നപ്ര നൂപൂരം നൃത്തവിദ്യാലയത്തിലെ നർത്തകർ കേരള കാൻ ഗാനത്തിനൊപ്പം ചുവടുവച്ചു.