സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശേരി രൂപത. ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്നാണ് ഇടയലേഖനം. എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നുവെന്നും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതിയാണ് ഉണ്ടായതെന്നും ഇടയലേഖനത്തിൽ പറയുന്നു.
കേരള ക്രൈസ്തവ സമൂഹത്തിൻ്റെ അതിജീവനത്തിനും നിലനിൽപ്പിനും സഹായകമായ 284 നിർദേശങ്ങളുണ്ടെന്നു കരുതപ്പെടുന്ന ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വരാത്തതിനു പിന്നിൽ സ്ഥാപിത താത്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി ഇടയലേഖനത്തിൽ പറയുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ യഥാകാലം വിതരണം ചെയ്യാതിരിക്കുകയോ നിർത്തലാക്കുകയോ ചെയ്യപ്പെട്ടിരിക്കുന്നു.
സംവരണത്തിന് അർഹരായ അനേകം അപേക്ഷകർക്ക് നീതി നിഷേധിക്കുന്നു. മലയോര കർഷകൻ്റെ കിടപ്പാടവും കൃഷിഭൂമിയും വനം വകുപ്പിന് പിടിച്ചെടുക്കാം എന്ന നിയമം പൊതു സമൂഹത്തിൻ്റെ ശ്രദ്ധ ക്ഷണിക്കാതെ നിയമ സഭ പാസാക്കിയതടക്കം ഇടയലേഖനത്തിൽ വിമർശിക്കുന്നുണ്ട്.പരിസ്ഥിതി നിയമങ്ങളുടെ മറവിൽ കപട പരിസ്ഥിതി വാദികളുടെ ദല്ലാളന്മാരായി നിൽക്കുന്നുവെന്നും ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതകൾ വർധിച്ചു വരുന്നതായും വിമർശനമുണ്ട്.
കർശന വന നിയമങ്ങൾ കാരണം എത്രയോ മനുഷ്യ ജീവനുകൾ പൊലിഞ്ഞു പോകുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധികൾ സമുദായത്തെ ആകമാനം ആദൃശ്യ ദാരിദ്ര്യത്തിലേക്ക് വലിച്ചിഴച്ചു. ന്യൂനപക്ഷ അവകാശങ്ങളുടെ ഭാഗമായ അധ്യാപക അനധ്യാപക നിയമനങ്ങൾ വിവിധ കാരണങ്ങളാൽ അട്ടിമറിക്കപ്പെടുന്നു.
ക്രൈസ്തവ സമുദായത്തിനെതിനെ നടക്കുന്ന കുപ്രചരണങ്ങളാണെന്നും ലഹരിയുടെ മാഫിയ കേരളത്തിൽ ശക്തമായെന്നും പൊലീസ് സംവിധാനത്തിൽ പോലും അവയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ഇടയലേഖനത്തിൽ പറയുന്നു