യാക്കോബായ സഭ കാതോലിക്കാ ബാവാ ആയി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ നാളെ വാഴിക്കും. മുന്നൊരുക്കങ്ങളുടെയും വാഴിക്കല്‍ ശുശ്രൂഷയുടെയും വിവരങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ മനോരമ ന്യൂസ് സംഘം ബെയ്റൂട്ടിലെത്തി.
പ്രാര്‍ഥനകളാല്‍ മുഖരിതമാണ് ബെയ്റൂട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്‍റ് മേരീസ് കത്തീഡ്രല്‍. നാളെ നടക്കുന്ന പുണ്യനിമിഷത്തിനായുള്ള ഒരുക്കം. ഇന്ത്യന്‍ സമയം നാളെ രാത്രി 8.30നാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ബെയ്റൂട്ടില്‍ എത്തിത്തുടങ്ങി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെയും നിയുക്ത കാതോലിക്കാ ബാവായുടെയും നേതൃത്വത്തില്‍ നടന്ന ശുശ്രൂഷകളില്‍ അവര്‍ പങ്കെടുത്തു. ആശീര്‍വാദം ഏറ്റുവാങ്ങി.
സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും മാര്‍ത്തോമ്മാ സഭാ പ്രതിനിധി ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ബെയ്റൂട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രാര്‍ഥനയും സ്നേഹവും പങ്കിടുകയാണ് നിയുക്ത കാതോലിക്കാ ബാവാ.
മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസും മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി സംഘവും ഇന്നെത്തും. മലയാളികള്‍ ഉള്‍പ്പെടെ നാനൂറോളം പേര്‍ നാളെ നടക്കുന്ന ശുശ്രൂഷയില്‍ പങ്കെടുക്കും.