ജനങ്ങളിലേയ്ക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാനുള്ള അവസരമായാണ് സ്ഥാനാരോഹണത്തെ കാണുന്നതെന്ന് യാക്കോബായ സഭ നിയുക്ത കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. കുരിശിന്‍റെ വഴിയെ നടക്കുക എന്നതാണ് ക്രൈസ്തവ വിശ്വാസമെന്നും അതുള്‍ക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിനും നീതിക്കുവേണ്ടി നിലകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയണമെന്നുള്ളതാണ് പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. ലബനനില്‍ മനോരമ ന്യൂസിനോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ബെയ്റൂട്ടിനടുത്തുള്ള അച്ചാനെയിലെ സെന്‍റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രല്‍ ദേവാലയത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ചടങ്ങുകളുടെ തല്‍സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി മനോരമ ന്യൂസ് സംഘവും ബെയ്റൂട്ടിലുണ്ട്.