സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കണമെന്ന കോണ്‍ഗ്രസ് നിലപാട് തള്ളിയും സെല്‍ഫി പോയിന്‍റ് സമരമെന്ന നിലപാടില്‍ ഉറച്ചും ഐ.എന്‍.ടി.യു.സി. അതേസമയം സമരം നടത്തുന്നത് എസ്.യു.സി.ഐ അല്ലെന്ന് സമരക്കാര്‍ അവകാശപ്പെട്ടു. നിരാഹാരമിരുന്ന ശോഭയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
ആശാ സമരത്തില്‍ ഐഎന്‍ടിയുസിയുടേത് കരിങ്കാലി പണിയാണെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഇന്നലെ പറഞ്ഞത്. ആശമാരുടെ സെക്രട്ടേറിയറ്റ് സമരത്തെ തളളിക്കൊണ്ട് ഐഎന്‍ടിയുസി മുഖമാസികയില്‍ വന്ന ലേഖനമായിരുന്നു കണ്‍വീനറെ ചൊടിപ്പിച്ചത്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഐ എന്‍ ടി യുസി ആവര്‍ത്തിച്ചു. സമരം നടത്തുന്നത് എസ് യു സി ഐ ആണെന്നും അവിടെ എങ്ങനെ ഐഎന്‍ടിയുസി കയറിച്ചെല്ലുമെന്നുമായിരുന്നു പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍റെ ചോദ്യം.
അതേസമയം ആശമാരെ സ്ഥിരപ്പെടുത്തണമെന്നും സര്‍ക്കാര്‍ ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ഐ എന്‍ ടി യുസി ആരോഗ്യമന്ത്രിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച് ചെയ്തു. എന്നാല്‍ ആശാ സമരം നടത്തുന്നത് SUCI അല്ലെന്നും സ്ത്രീകളുടെ ജനകീയ സമരത്തിന് പിന്തുണ നല്കുകയാണ് ചെയ്യുന്നതെന്നും സംഘടനാ ഭാരവാഹികള്‍ വിശദീകരിച്ചു. എസ് ഡി പി ഐക്കാരാണ് സമരരംഗത്തുളളതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയേയും സംഘടന വെല്ലുവിളിച്ചു ആരോഗ്യനില വഷളായതിനെ തുടര്‍ന്നു നിരാഹാര സമരത്തിലായിരുന്ന ശോഭയെ ഉച്ചയോടെ ആശുപത്രിയിലേക്ക് മാറ്റി. പകരം ആശാവര്‍ക്കറായ ഷൈലജ സമരം ആരംഭിച്ചു. അതേസമയം സമരം ഒത്തു തീര്‍പ്പാക്കാന്‍ ലേബര്‍ മിനിസ്റ്ററായ തന്നെ ആശാ വര്‍ക്കര്‌മാര്‍ സമീപിച്ചിട്ടില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.