തിരുവനന്തപുരം നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മത്രാനായി ഡോ ഡി സെൽവരാജൻ അഭിഷിക്തനായി. നെയ്യാറ്റിൻകര നഗരസഭാ മൈതാനത്ത് തിങ്ങി നിറഞ്ഞ വിശ്വാസി സാഗരത്തെ സാക്ഷി നിർത്തിയായിരുന്നു മെത്രാഭിഷേക ചടങ്ങുകൾ. നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ വിൻസന്‍റ് സാമുവൽ വിരമിക്കുന്നതോടെ രൂപതയുടെ പൂർണ ചുമതലക്കാരനാകും .
പ്രാർത്ഥനാ ഗീതങ്ങൾ നിറഞ്ഞ സന്ധ്യയിൽ കൈകൂപ്പി നന്ദിയർപ്പിച്ച വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ഡോ ഡി. സെൽവരാജൻ മെത്രാഭിഷേക ചടങ്ങുകൾക്ക് ഒരുങ്ങി നിന്നു. സന്നദ്ധത അറിയിച്ച് സാഷ്ടാംഗ പ്രണാമം ചെയ്തതോടെ അഭിഷേക ചടങ്ങുകൾ തുടങ്ങി
നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ വിൻസന്‍റ് സാമുവൽ മുഖ്യ കാർമികനായ ചടങ്ങിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ ലിയോപോൾദോ ജിറെല്ലി , സിബി സി ഐ പ്രസിഡന്‍റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് , തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ , വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാർ , നൂറു കണക്കിന് വൈദികർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 1996 ൽ സ്ഥാപിതമായ രൂപതയുടെ ചരിത്രത്തിലെ രണ്ടാമത്തെ മെത്രാഭിഷേക ചടങ്ങുകളാണ് നടന്നത്. വലിയവിള ഇടവകാംഗമായ ഡോ. സെൽവരാജൻ 1987 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 2000 ൽ ബെൽജിയത്തിലെ ലുവൈൻ യൂണിവേഴ്സിറ്റിയിൽ നിന്നു കാനൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹത്തിന് 5 വിദേശ ഭാഷകളിൽ പ്രാവീണ്യമുണ്ട് . 2007 മുതല്‍ മെത്രാന്‍റെ ഉപദേശക സമിതി അംഗമായും 2008 മുതല്‍ രൂപത ചാന്‍സിലറായും 2011 മുതല്‍ രൂപതയുടെ ജുഡീഷ്യല്‍ വികാറായും സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഡോ സെൽവരാജൻ സഹമെത്രാനായി ഉയർത്തപ്പെട്ടത്.