മലപ്പുറം എടപ്പാളില്‍ ലഹരിസംഘം യുവാവിനെ തട്ടിക്കൊണ്ടുേപായി മര്‍ദിച്ചു. വടിവാള്‍കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. സഹപാഠിയുടെ ഫോണ്‍ നമ്പര്‍ നല്‍കാത്തതാണ് പ്രകോപനം. വടിവാളുമായി യുവാവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം പുറത്തായി
Read Also: മലപ്പുറത്ത് ലഹരിസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും മർദിക്കുകയും ചെയ്തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്നുപേർ പിടിയിലായി. പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍(18) എന്നിവരും 17 വയസുകാരനുമാണ് പൊലീസ് പിടിയിലായത്. കുറ്റിപ്പാല സ്വദേശിയായ പതിനെട്ടുകാരനാണ് മര്‍ദനമേറ്റത്.അക്രമി സംഘം സഹപാഠിയുടെ ഫോൺ നമ്പർ പതിനെട്ടുകാരനോട് ചോദിച്ചിരുന്നു. നമ്പറില്ലെന്ന് പറഞ്ഞതോടെ കയ്യില്‍ കരുതിയ വടിവാള്‍ എടുത്തു ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിദ്യാർഥിയെ പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കില്‍ കയറ്റി പൊന്നാനി ഭാഗത്തേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു.
വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട കാര്‍ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പൊലീസ് പിന്തുടർന്ന് എത്തിയതോടെ വിദ്യാർഥിയെ ഇവർ പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം ഇറക്കി വിട്ട് കടന്നുകളയുകയായിരുന്നു.പ്രദേശത്തെ ലഹരി സംഘത്തിൽപെട്ടവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.