മുണ്ടകൈ- ചൂരൽമല ടൗൺഷിപ്പിന് തറക്കല്ലിടുമ്പോൾ തന്നെ മറ്റൊരു സന്തോഷം കൂടിയുണ്ട്. ദുരന്തത്തിൽ തകർന്ന ചൂരൽമല വെളളാർമല സ്കൂളിനു സ്വന്തമായി ഒരു കെട്ടിടത്തിന്റെ പ്രവർത്തി മേപ്പാടിയിൽ അവസാന ഘട്ടത്തിലെത്തി. മൂന്നു കോടി രൂപ ചെലവഴിച്ച് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് വെളളാർമല സ്കൂൾ എന്ന പേരിൽ തന്നെ ക്ലാസ് മുറികളൊരുക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിനു മുമ്പും ശേഷവുമുള്ള വെള്ളാർമല സ്കൂളിനെ ആരും മറന്നു കാണില്ല. തകർന്നു പോയ സ്കൂളിന്റെ ദൃശ്യം നമുക്കൊക്കെ നോവായതാണ്. സ്കൂളിലെ 33 കുട്ടികളെ കൂടി ഉരുൾ അടർത്തിയെടുത്തതാണ്. എട്ടു മാസങ്ങൾക്കിപ്പുറം ഉള്ളു നിറയ്ക്കുന്ന ഒരു സന്തോഷമുണ്ട്. വെള്ളാർമലയിലെ കുട്ടികൾക്കുള പുതിയ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തി അന്തിമ ഘട്ടത്തിലാണ്
ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ യാണ് മൂന്ന് കോടി ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളൊരുക്കുന്നത്. മേപ്പാടി സ്കൂളിനോട് ചേർന്നാണ് കെട്ടിടം. നിലവിൽ താൽകാലിക ക്ലാസ് മുറികളിൽ കഴിയുന്ന 550 വിദ്യാര്‍ഥികൾക്ക് അടുത്ത അധ്യായന വർഷം മുതൽ സ്വന്തം കെട്ടിടത്തിലേക്ക് മാറാം. 12 ക്ലാസ് മുറികളുണ്ടാകും, ഹോസ്റ്റൽ നിർമാണം പിന്നീട് തുടങ്ങും. തകർന്നു പോയ പുന്നപ്പുഴയോരത്തെ ആ സ്വർഗത്തെ വീണ്ടെടുക്കാനാവില്ലെങ്കിലും മേപ്പാടിയിലെ ഉയരത്തിൽ വെളളാർമല സ്കൂൾ എന്ന പേരിൽ തന്നെ സ്കൂൾ അറിയപ്പെടും..