ഏപ്രില്‍ ഒന്നിന് വൈദ്യുതി– കുടിവെള്ള നിരക്കുകള്‍ കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയാണ് വര്‍ധന. ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ച നിരക്കാണിത്. പ്രതിമാസ സര്‍ചാര്‍ജ് യൂണിറ്റിന് ഏഴു പൈസ കൂടാതെയാണ് നിരക്ക് വര്‍ധന. ഫലത്തില്‍ 19 പൈസയുടെ വര്‍ധന. വെള്ളക്കരവും അഞ്ച് ശതമാനം കൂടും. മീനച്ചൂടില്‍ ഏറ്റവും ആവശ്യമായിവരുന്ന വൈദ്യുതിക്കും വെള്ളത്തിനും ചെലവേറുമെന്ന് ചുരുക്കം.
വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും ഫിക്സഡ് നിരക്ക് പ്രതിമാസം പത്തുരൂപയുമാണ് കൂടുന്നത്. ഇതിനുപുറമെ യൂണിറ്റിന് ഏഴുപൈസയുടെ സര്‍ചാര്‍ജും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ഇന്ധന സര്‍ചാര്‍ജ് കൂടി കൂട്ടിയാല്‍ 39 രൂപ. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂണിറ്റിന് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടത്. ഇരുപത്തഞ്ചു പൈസവരെയാണ് വര്‍ധന.
നിരക്ക് വര്‍ധനയിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. വെള്ളക്കരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള അഞ്ചുശതമാനം വര്‍ധനയാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത് ഒഴിവാക്കിയിരുന്നു. ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വന്നിട്ടില്ല. അതിനാല്‍ നിരക്ക് വര്‍ധിക്കുമെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അങ്ങനെയെങ്കില്‍ പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലകൂടും.