കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ കുറ്റപത്രം ഉടന്‍. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യയെ പ്രതിയാക്കിയുള്ള കുറ്റപത്രം ഇന്നോ നാളെയോ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക. പി.പി.ദിവ്യയുടെ പരാമര്‍ശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
അഞ്ചു മാസം കഴിഞ്ഞു കോളിളക്കം സൃഷ്ടിച്ച എഡിഎമ്മിന്‍റെ ആത്മഹത്യ സംഭവിച്ചിട്ട്. തുടര്‍ന്ന് കേരളം കണ്ടത് സിപിഎമ്മിന്‍റെ കണ്ണൂരിലെ വളര്‍ന്നുപന്തലിച്ചു വന്നിരുന്ന വനിതാ നേതാവിനെതിരായ വന്‍ പ്രതിഷേധങ്ങളും പതനവും. 2024 ഒക്ടോബര്‍ പതിനാലിനാണ് എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെയെത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി ദിവ്യയുടെ അധിക്ഷേപ പ്രസംഗം.
തൊട്ടടുത്ത ദിവസം ക്വാര്‍ട്ടേഴ്സിലെ ഉത്തരത്തില്‍ നവീന്‍ബാബു തൂങ്ങിമരിച്ചുവെന്നാണ് കേസ്. ആദ്യം അസ്വാഭാവിക മരണമായിരുന്നെങ്കില്‍ വൈകാതെ പി.പി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. പിന്നീട് അറസ്റ്റ്. ഇതോടെ അധികാരവും പാര്‍ട്ടി ചുമതലകളും സിപിഎം എടുത്ത് ദൂരെക്കളഞ്ഞു. നാടകീയതകള്‍ നിറഞ്ഞ കേസില്‍ നിര്‍ണായക ഘട്ടത്തിലാണ് അന്വേഷണസംഘം എത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളടക്കം ചേര്‍ത്ത വിശദമായ കുറ്റപത്രം തയ്യാറായി. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മുന്നിലാണ് കുറ്റുപത്രം. ഡിഐജിയുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്‍റേത് ആത്മഹത്യ തന്നെയെന്നും കൊലപാതകമല്ലെന്നും കുറ്റപത്രം അടിവരയിടുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിക്കുന്ന യാതൊന്നും ശാസ്ത്രീയ പരിശോധനയിലടക്കം കണ്ടെത്താനായിട്ടില്ല. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ അനവസരത്തിലുള്ള പരാമര്‍ശങ്ങളാണെന്നും കേസില്‍ മറ്റു പ്രതികളില്ലെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. നവീന്‍റെ കുടുംബാംഗങ്ങള്‍ അടക്കം 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തെ തള്ളുന്ന കുറ്റപത്രം സമര്‍പ്പിച്ചയുടന്‍ ഈ വാദത്തിനെതിരെ നവീന്‍റെ കുടുംബം സുപ്രീംകോടതിയെ സമീപിക്കും.