kerala-university
  • പരീക്ഷ നടന്നത് കഴിഞ്ഞ മേയ് മാസം
  • ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്ന് സര്‍വകലാശാല അറിഞ്ഞത് ഒരു വര്‍ഷമായപ്പോള്‍
  • ഏപ്രില്‍ ഏഴിന് പുനഃപരീക്ഷ നടത്തുമെന്ന് അറിയിപ്പ്

കേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടമായതില്‍ അധ്യാപകനെതിരെ നടപടിക്ക് സാധ്യത. യാത്രയ്ക്കിടെ തന്‍റെ കയ്യില്‍ നിന്നും മൂല്യനിര്‍ണയം നടത്തിയ പേപ്പറുകള്‍ നഷ്ടപ്പെട്ടുവെന്നാണ് അധ്യാപകന്‍ സര്‍വകലാശാല വിസിക്ക് വിശദീകരണം നല്‍കിയത്. എംബിഎ  2022–24 ബാച്ചിലെ മൂന്നാം സെമസ്റ്ററിലെ 71 വിദ്യാർഥികളുടെ 'പ്രോജക്ട് ഫിനാൻസ്' എന്ന വിഷയത്തിലെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് നടന്ന പരീക്ഷയുടെ ഫലം ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.

ഫലപ്രഖ്യാപനം അനിശ്ചിതമായി നീണ്ടതോടെ ജോലിയുള്‍പ്പടെയുള്ളവ പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ പക്കൽ നിന്ന് പേപ്പറുകൾ നഷ്ടമായെന്ന വിവരം സര്‍വകലാശാല അറിഞ്ഞത്. ഇതോടെ പരീക്ഷ വീണ്ടും നടത്തുമെന്ന് വിദ്യാര്‍ഥികളെ ഇ–മെയില്‍ മുഖേനെ അറിയിക്കുകയായിരുന്നു. ഏപ്രില്‍ ഏഴിനാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 31നായിരുന്നു പരീക്ഷ നടന്നത്.

പരീക്ഷ പൂര്‍ത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി സര്‍വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്‍റെ വിശദീകരണം. 

ENGLISH SUMMARY:

A Kerala University professor is likely to face action after the loss of MBA students' answer sheets. The professor explained to the university vice-chancellor that the evaluated papers were lost while traveling. The missing answer sheets belonged to 71 students from the MBA 2022–24 batch for the subject Project Finance in the third semester.