pankaj-menon

കരുനാഗപ്പള്ളി സന്തോഷ് വധത്തില്‍ മുഖ്യപ്രതിയായ പങ്കജ് മേനോന് രാഷ്ട്രീയ–ഗുണ്ടാബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്കൊപ്പമുള്ള ചിത്രമാണ് പങ്കജിന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം. സുനിയെ അനുകൂലിച്ചുള്ള പോസ്റ്റുകളും പങ്കജിന്‍റെ സമൂഹമാധ്യമത്തില്‍ കാണാം.

സിപിഎം ജില്ലാ കമ്മിറ്റി മുന്‍ അംഗത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കജ് പങ്കുവച്ചിട്ടുണ്ട്. ഈ ബന്ധങ്ങളെ ചൊല്ലിയാണ് കരുനാഗപ്പള്ളിയിലെ സിപിഎമ്മില്‍ ഒരു വിഭാഗം ഇടഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നേതാവും പങ്കജും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ പ്രകടനങ്ങളില്‍ ഉയര്‍ന്നിരുന്നു. 

കഴിഞ്ഞ ബുധനാഴ്ചയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ കയറി സന്തോഷിനെ ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയതാണെന്നായിരുന്നു  പൊലീസിന്‍റെ നിഗമനം. മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം സന്തോഷിന്‍റെ വീടിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി അമ്മ ഓമന മനോരമന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.