ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട എം.ബി.എ പരീക്ഷാ നടത്തിപ്പില്‍ കേരള സര്‍വകലാശാല വരുത്തിയത് വന്‍വീഴ്ച. 2024 മേയില്‍ നടത്തിയ എംബിഎ പ്രജക്ട് ഫിനാന്‍സ് പരീക്ഷാ പേപ്പര്‍, മൂല്യനിര്‍ണയത്തിന് കൈമാറിയത് ഏഴുമാസം വെച്ചുതാമസിപ്പച്ച ശേഷം 2024 ഡിസംബറില്‍. 2025 ജനുവരിയില്‍ ഉത്തരകടലാസുകള്‍ കാണാതായി. സര്‍വകലാശാല മൂന്നുമാസം ഇക്കാര്യം സൗകര്യപൂര്‍വ്വം മറച്ചുവെക്കുകയും ചെയ്തു
71 ഉത്തര കടലാസുകള്‍ എവിടെ പോയി? കേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥികള്‍മാത്രമല്ല, കേരളമാകെ ചോദിക്കുന്ന ചോദ്യമാണിത്. കൈമലര്‍ത്തുകയാണ് മൂല്യനിര്‍ണത്തിന് പേപ്പറുകള്‍ഏറ്റുവാങ്ങിയ അധ്യാപകനും അത് കൈമാറിയ കേരള സര്‍വകലാശാലയും. 2024 മേയ് 31നാണ് പ്രോജക്ട് ഫിനാന്‍സ് പരീക്ഷ നടന്നത്. ഏഴുമാസം ഉത്തരകടലാസുകള്‍ സര്‍വകലാശാലാ ആസ്ഥാനത്തെ ഏതോ മൂലയില്‍ വിശ്രമിച്ചു. ഡിംബറിലാണ് സഹകരണ വകുപ്പിന് കീഴിലെ കോളജിലെ ഗസ്റ്റ് അധ്യാപകന് ഉത്തര പേപ്പറുകള്‍ മൂല്യനിര്‍ണയത്തിന് നല്‍കിയത്. 71 പേപ്പറുകളുടെ കെട്ട് മൂല്യനിര്‍ണയത്തിന് മുന്‍പു തന്നെ നഷ്ടപ്പെട്ടു . ഇതു സംഭവിക്കുന്നത് 2025 ജനുവരി 13ന് .ഉടനെ, പൊലീസില്‍പരാതി നല്‍കി എന്നാണ് അധ്യാപകന്‍ പറയുന്നത് .
ഇതറിഞ്ഞിട്ടും സര്‍വകലാശാലയുടെ വിസി റജിസ്ട്രാര്‍ , പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ എന്തു ചെയ്തു. സിന്‍ഡിക്കേറ്റും സെനറ്റും അക്കാദമിക്ക് കൗണ്‍സിലും മൂന്നുമാസമായി ഒന്നും അറിഞ്ഞില്ലേ? വിവരം ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. അധ്യാപകന്‍ പാലക്കാട് നല്‍കിയ പരാതി പൊലീസ് സര്‍വകലാശാലയെ അറിച്ചോ എന്നും കൂടി അറിയേണ്ടിയിരിക്കുന്നു.