കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളില്‍ നിന്ന് കാണാതായ ബീഹാറുകാരനായ എഴാം ക്ലാസ് വിദ്യാര്‍ഥി സന്‍സ്കര്‍ കുമാറിന്‍റെ ഇന്‍സ്റ്റ്‌ഗ്രാം ചാറ്റുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കാണാതാവുന്നതിന് മുമ്പ് സന്‍സ്കര്‍ ചാറ്റ് ചെയ്ത വ്യക്തിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. അതേ സമയം കുട്ടിക്ക് ഫോണ്‍ നല്‍കിയത് ഉള്‍പ്പടെ സ്കൂളിന്‍റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ആരോടും അടുപ്പം സൂക്ഷിക്കാത്ത സന്‍സ്‌കര്‍ കുമാറിന് ഇസ്റ്റാഗ്രാമിലെ ഒരു അക്കൗണ്ടില്‍ നിന്ന് മെസേജ് വരാറുണ്ടായിരുന്നു. ചാറ്റില്‍ സ്കൂള്‍ അവധി തുടങ്ങിയോ എന്ന ചോദ്യത്തിന് തുടങ്ങിയില്ല എന്ന് ഉത്തരം പറയുന്ന സന്‍സ്കര്‍ വാര്‍ഡന്റ ഫോണില്‍ നിന്നാണ് താന്‍ രഹസ്യമായി ചാറ്റ് ചെയ്യുന്നതെന്നും മറുപടി നല്‍കിയിട്ടുണ്ട്. കാണാതാകുന്നതിന് തലേദിവസും സന്‍സ്കറിന്റ ഈ അക്കൗണ്ടിലേക്ക് കോള്‍ വന്നിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം നിലനില്‍ക്കെ സന്‍സ്കറിന് ഫോണ്‍ ലഭ്യമാക്കി കൊടുത്തത് സ്കൂളിന്റ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വിഴ്ചയാണെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോസ്റ്റലിന്‍റെ മൂന്നാം നിലയില്‍ നിന്ന് കേബിള്‍ വഴി താഴെയ്ക്കിറങ്ങി സന്‍സ്കര്‍ രക്ഷപെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ ആദ്യം കോഴിക്കോടും പിന്നീട് പാലക്കാട് റെയില്‍വേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തി. പാലക്കാട് നിന്ന് എങ്ങോട്ടേക്ക് പോയി എന്നത് വ്യക്തമല്ല. പുണൈ,ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ അധ്യയന വര്‍ഷമാണ് സന്‍സ്കര്‍ സൈനികസ്കൂളില്‍ ചേര്‍ന്നത്.