asha-strike
  • സമരം ജ്വലിപ്പിച്ച് ആശമാര്‍
  • നിരാഹാര സമരം പന്ത്രണ്ടാം ദിവസം
  • ചർച്ച നടത്തണമെന്ന ആവശ്യം ശക്തം

സമരത്തിന്റെ അമ്പതാം നാളിലും തിരിഞ്ഞു നോക്കാത്ത സർക്കാരിനെതിരെ അറ്റകൈ പ്രയോഗവുമായി ആശാവർക്കർമാർ. മുടി മുറിച്ച് പ്രതിഷേധിക്കാനാണ് ആശമാരുടെയും സമരാനുകൂലികളുടെയും തീരുമാനം. നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. സമരത്തിൽ  പങ്കെടുത്ത ആശാ വർക്കർമാരുടെ കഴിഞ്ഞ  മാസത്തെ ഓണറേറിയവും ഇൻസെന്‍റീവും തടഞ്ഞതിലും പ്രതിഷേധം കനക്കുകയാണ്.  

അതേസമയം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന നിരവധി തദ്ദേശ സ്ഥാപനങ്ങൾ ഇതിനകം വേതനം വർധിപ്പിച്ചു. എന്നാല്‍ ആശാ പ്രവർത്തകർക്ക് അധിക വേതനം നൽകുമെന്നു യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന പ്രചാരണം തട്ടിപ്പാണെന്നു മന്ത്രി എം.ബി.രാജേഷ്. ഇതൊരിക്കലും പ്രായോഗികമാകില്ലെന്നറിഞ്ഞിട്ടും ഇവർ ആശാ പ്രവർത്തകരെ കബളിപ്പിക്കുകയാണെന്നും സർക്കാർ അനുമതി ലഭിക്കുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണെന്നും  മന്ത്രി പറഞ്ഞു.

അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) എന്ന വിഭാഗം കേന്ദ്ര സ്കീമിൽ ജോലിയിൽ പ്രവേശിച്ചവരാണ് ആവശ്യക്കാരെന്നതിാല്‍ എന്നതിനാൽ സമരം ചെയ്യേണ്ടതു കേന്ദ്രത്തോടാണെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാൽ, സംസ്ഥാന ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്തങ്ങളാണ് ആശമാർ നിർവഹിക്കുന്നത്.  അതുകൊണ്ടുതന്നെ 7000 രൂപ പ്രതിമാസ ഓണറേറിയം  നൽകുന്നതും സംസ്ഥാന സർക്കാർതന്നെയാണ്. അതു വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്നവരോട് ആദ്യം കേന്ദ്രം ഇൻസെന്റീവ് കൂട്ടട്ടെ എന്ന് പറയുന്നത് നീതികേടാണെന്ന് ആശമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇൻസെന്റീവ് ആയി ലഭിക്കുന്ന 3000 രൂപയിൽ 60% കേന്ദ്രവും 40% സംസ്ഥാനവുമാണു വഹിക്കുന്നത്. കേന്ദ്രവിഹിതം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും ഓണറേറിയം കൂട്ടുമെന്ന സൂചന എൽഡിഎഫ് സർക്കാർ നൽകുന്നില്ല.

ENGLISH SUMMARY:

Kerala ASHA workers' protest reaches 50 days, with hunger strikes and hair-cutting protests over unpaid salaries. Opposition claims wage hikes, but the government calls them impractical.