ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പക്കലുണ്ടായിരുന്ന പണം പൊലീസുകാരന്‍ കവർന്നു. സംഭവം പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഈ സൗഹചര്യത്തില്‍ പണം മോഷ്ടിച്ച ആലുവ സ്റ്റേഷനിലെ എസ്.ഐ പി.എം. സലീമിനെതിരേ കടുത്ത നടപടിയുണ്ടായേക്കുമെന്ന് സൂചന.
വകുപ്പുതല അന്വേഷണത്തില്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതിനാല്‍ സലീമിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. വര്‍ഗീസിനോട് എസ്പി. ഡോ. വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ജോലിയില്‍ നിന്ന് എസ്.ഐയെ പുറത്താക്കിയേക്കും.
ഇതര സംസ്ഥാനക്കാരന്റെ ബാഗിൽ നിന്ന് 3000 രൂപയാണ് എസ്.ഐ മോഷ്ടിച്ചത്. മാര്‍ച്ച് 19-നാണ് ഇതരസംസ്ഥാന തൊഴിലാളിയായ ജിതുല്‍ ഗോഗോയ് (27) ട്രെയിനില്‍നിന്ന് വീണു മരിച്ചത്. ഇയാളുടെ വസ്തുക്കള്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്നു. ഇന്‍ക്വസ്റ്റ് സമയത്ത് ജിതുലിന്റെ പണവും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും കൃത്യമായി രേഖപ്പെടുത്തി രസീതാക്കിയിരുന്നു. ഇത് ബന്ധുക്കൾക്ക് കൈമാറിയപ്പോഴാണ് പണം കുറവുണ്ടെന്ന് കണ്ടെത്തിയത്.
പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എസ്.ഐ ആണ് പണം കവർന്നതെന്ന് സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് പുലര്‍ച്ചെ 5.20-നാണ് ജിതുലിന്റെ പേഴ്സില്‍ ഉണ്ടായിരുന്ന 8000 രൂപയില്‍ 3000 രൂപ എസ്ഐ പി.എം. സലീം മോഷ്ടിക്കുകയായിരുന്നു. സലീമിനായിരുന്നു സ്റ്റേഷന്‍ ചുമതല. ഈ സമയത്ത് മറ്റ് ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നുമില്ല. നേരത്തേയും ശിക്ഷാനടപടികളുടെ ഭാഗമായി സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ സലീമിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ അച്ചടക്കനടപടി നേരിട്ടയാളാണ് സലീം എന്ന് പൊലീസ് വ്യക്തമാക്കി.