വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ച് കെ.സി.ബി.സിയും സി.ബി.സി.ഐയും രംഗത്തെത്തിയതോടെ യു.ഡി.എഫ് എം.പിമാർക്ക് ആശങ്ക. പാർലമെൻ്റിൽ ബില്ലിനെ എതിർത്താൽ സഭകളുടെ അത്യപ്തി നേരിടേണ്ടിവരും. മുനമ്പം വിഷയത്തിൽ സഭകളുടെ ആശങ്ക തള്ളിക്കളയാനാവില്ലെങ്കിലും ബില്ലിനെ പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാകുമെന്ന് എം.പിമാർക്കറിയാം. എന്ത് നിലപാട് സ്വീകരിക്കണം എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് എം പി മാർ പറയുന്നത്. കെ.സി.ബി.സി നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.
അതേസമയം, വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കെസിബിസി നിലപാട് ഏറ്റെടുത്ത് കേന്ദ്രമന്ത്രിമാര്‍. കേരളത്തില്‍നിന്നുള്ള എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവും നിലപാടിനെ സ്വാഗതംചെയ്യുന്നതായി ധനമന്ത്രി നിര്‍മല സീതാരാമനും പ്രതികരിച്ചു. ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം ആവശ്യപ്പെട്ടു. കെ.സി.ബി.സിക്കുള്ള തെറ്റദ്ധാരണകള്‍ നീക്കുമെന്ന് ഹാരിസ് ബീരാന്‍ എം.പിയും പറഞ്ഞു
ബില്ലിന്റെ വിശദാംശങ്ങള്‍ വ്യക്തമായതിന് ശേഷം യു.ഡി.എഫും ഇന്ത്യ മുന്നണിയും നിലപാട് എടുക്കുമെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എം.പി. നിലവില്‍ ബില്ലിനെ കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണുള്ളത്. മുനമ്പത്തെ ആളുകളുടെ ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിക്കണമെന്നാണ് കെ.സി.ബി.സി പറഞ്ഞതെന്ന് ഫ്രാന്‍സീസ് ജോര്‍ജ് പറഞ്ഞു . ബുധനാഴ്ച വഖഫ് നിയമഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.