വേനലിലെ മഴ
ഏപ്രിലിനൊപ്പം വേനല്‍ മഴയെത്തി. വരുന്ന അഞ്ചു ദിവസമെങ്കിലും കേരളത്തില്‍ പരക്കെ മഴ ലഭിക്കും. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് കൂടുതല്‍ മഴക്ക് സാധ്യത. ചിലയിടങ്ങളിലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും , കൂടാതെ മിതമായ മഴ മിക്കവാറും എല്ലാ ജില്ലകളിലും ലഭിച്ചു തുടങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
മിന്നലും കാറ്റും
ഉച്ചതിരിഞ്ഞാണ് സാധാരണ വേനല്‍ മഴയെത്തുക. ഇടി മിന്നല്‍, കാറ്റ് എന്നിവ അകമ്പടിയായുണ്ടാകും. കുറച്ചു നേരം നിന്നു പെയ്യും , ചിലപ്പോള്‍ ശക്തമായിതന്നെ മഴകിട്ടും. തുടര്‍ന്ന് മേഘങ്ങളകലും . ഇതാണ് വേനല്‍മഴയുടെ സ്ഥിരം സ്വഭാവം. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഒപ്പമാണ് വേനല്‍ മഴ കിട്ടുക. ഇതുകണക്കിലെടുത്താണ് കാലാവസ്ഥാ വകുപ്പ് മിക്കദിവസങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നത്. ഇത് അവഗണിക്കാന്‍ പാടില്ല. ഇടി മിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്, തുറസായ സ്ഥലങ്ങളില്‍ പോകരുത്. വണിജ്യ, വ്യവസായ സ്ഥാപനങ്ങളില്‍ വൈദ്യുതി ഓഡിറ്റ് നിര്‍ബന്ധമാക്കണം. ആവശ്യമുള്ള ഇടങ്ങളില്‍ മിന്നല്‍ രക്ഷാ കവചം സ്ഥാപിക്കുകയുമാകാം.
മണിക്കൂറില്‍ 30 മുതല്‍ 50 വരെ കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനിടയുണ്ടെന്ന മുന്നറിപ്പ് കണ്ടാല്‍ അവഗണിക്കരുത്. കാറ്റും മഴയും ഇടിമിന്നലുമെല്ലാം അപകടകാരികളാകാം. വീടുകളുടെയും കെട്ടിടങ്ങളുടെയും സമീപമുള്ള മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുമാറ്റാം. പൊതുസ്ഥലങ്ങളിലാണങ്കില്‍ അപകടകരമായി നിലയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതും ഉചിതം.
മഴയും ചൂടും ശ്രദ്ധിക്കണം
കാലാവസ്ഥ പ്രവചനാതീതമാകുന്ന ഏപ്രില്‍ മേയ് മാസങ്ങളില്‍ കേരളത്തില്‍ ജീവിക്കുന്നവര്‍ ആലോചിച്ചുപോകുക, മഴക്കാലമാണോ അതോ വേനല്‍ക്കാലമാണോ എന്നാകും. ഉച്ചതിരിയും വരെ മിക്കദിവസങ്ങളിലും കടുത്ത ചൂടായിരിക്കും. താപനില 38 ഡിഗ്രിയും പിന്നിട്ട് 40 വരെയെത്താം. അനുഭവവേദ്യമാകുന്ന ചൂടാകട്ടെ 45 ഡിഗ്രി സെല്‍സ്യസും പിന്നിടും. അന്തരീക്ഷ ഈര്‍പ്പം കൂടിയാകുമ്പോള്‍ ചൂട് അസഹനീയമാകും. ഉച്ചക്ക് 11 നും മൂന്നിനും ഇടക്ക് നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കമം. പുറം ജോലിചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം, സൂര്യാതപവും നിര്‍ജലീകരണവും ഉണ്ടാകാതിരിക്കാനാണ് ഈ നിര്‍ദേശങ്ങള്‍.
പനിക്കാലം
പലതരം പകര്‍ച്ചവ്യാധികളാണ് മഴയും ചൂടും ഇടകലര്‍ന്ന ഈ മാസങ്ങളില്‍പ്രത്യക്ഷപ്പെടുക. പലയിനം പകര്‍ച്ച പനികള്‍, എലിപ്പനി, ഡെങ്കിപ്പനി മഞ്ഞപിത്തം, ചിക്കന്‍പോക്സ് നേത്രരോഗങ്ങള്‍ തുടങ്ങിവ വ്യാപകമായി കാണാം. കൊതുകു വളരാനിടയുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക വ്യക്തി ശുചിത്വം പാലിക്കുക എന്നിവയാണ് ആദ്യഘട്ട പ്രതിരോധമാര്‍ഗം.