kcbc-waqf
  • വഖഫ് ഭേദഗതി ബിൽ: കേരള എംപിമാർ വേണ്ട രീതിയിൽ തീരുമാനം എടുക്കണമെന്ന് KCBC
  • വഖഫ് ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയാല്‍ നിയമനടപടിക്ക് മുസ്‌ലിം ലീഗ്

വഖഫ് ഭേദഗതി ബില്ലിൽ വീണ്ടും മുന്നറിയിപ്പുമായി കെസിബിസി. കേരളത്തിലെ എംപിമാർ വേണ്ട രീതിയിൽ തീരുമാനം എടുക്കണം, അല്ലെങ്കിൽ ബാക്കി തീരുമാനം ജനങ്ങളുടേത് ആയിരിക്കുമെന്ന് കെസിബിസി വക്താവ് ബിഷപ് തോമസ് തറയിൽ പറഞ്ഞു. വഖഫ് നിയമം പൂർണമായി എടുത്തു കളയണം എന്ന അഭിപ്രായം ഇല്ല. നിയമത്തിലെ അനിയന്ത്രിതമായ അവകാശം എടുത്തു കളയുകയാണ് കെസിബിസിയുടെ ആവശ്യമെന്നും തോമസ് തറയിൽ മനോരമ ന്യൂസിനോട് പറഞ്ഞു.

വഖഫ് ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്‌ലിംലീഗ്. ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് ഹാരിസ് ബീരാന്‍ എം.പി. മനോരമ ന്യൂസിനോട് പറഞ്ഞു. നിലവിലെ അംഗബലമനുസരിച്ച് ബില്‍ പാസാക്കാന്‍ ഭരണപക്ഷത്തിന് സാധിച്ചേക്കും. എന്നാല്‍ കോടതിയിലാണ് പ്രതീക്ഷയെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. 

പരിഷ്കരിച്ച വഖഫ് നിയമഭേദഗതി ബില്ലാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിക്കുക. ശക്തമായി എതിര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ ഭരണപക്ഷം എത്ര പ്രകോപനം സൃഷ്ടിച്ചാലും സഭവിട്ടിറങ്ങേണ്ടെന്ന് കക്ഷിനേതാക്കള്‍ തീരുമാനമെടുത്തിരുന്നു. 

പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ നിന്ന് സിപിഎം അംഗങ്ങളും ബില്ലിനെതിരെ വോട്ടുചെയ്യാന്‍ എത്തുന്നുണ്ട്. അതേസമയം എന്‍ഡിഎ ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ പിന്തുണയ്ക്കും എന്നറിയിച്ചിട്ടുണ്ട്. സഭയില്‍ നിര്‍ബന്ധമായി ഹാജരാവണം എന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. എട്ടുമണിക്കൂറാണ് ചര്‍ച്ചയ്ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.  

വഖഫ് ബിൽ അവതരിപ്പിക്കാനിരിക്കെ ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റ് അനക്സിൽ 9.30 ന് ചേരുന്ന യോഗത്തിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാട് രാഹുൽഗാന്ധി വിശദീകരിക്കും. ഇന്ത്യാ സഖ്യത്തിനൊപ്പം നിന്ന് ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കാനാണ് തീരുമാനം. വോട്ടെടുപ്പ് ആവശ്യപ്പെടും. ബില്ല് ഭരണഘടന, മതേതരത്വം, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവക്കെതിരായ ആക്രമണമാണെന്നും ചർച്ചയിൽ സംസാരിക്കുന്ന  എംപിമാർ ഊന്നിപ്പറയേണ്ട വസ്തുതകൾ എന്തെല്ലാമാണെന്നും രാഹുൽ ഗാന്ധി യോഗത്തിൽ അറിയിക്കും. ടിഡിപി, ജെഡിയു, എൽജെപി എന്നീ പാർട്ടികളെ തുറന്നു കാണിക്കാൻ ഈ അവസരം ഉപയോഗിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.  

എന്താണ് വഖഫ് ഭേദഗതി ബിൽ? 

1995 ലെ വഖഫ് നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 2024 ഓഗസ്റ്റ് എട്ടിന് ആദ്യം ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടു. എന്താണ് ബില്ലിന്‍റെ വിശദാംശങ്ങള്‍ എന്നുനോക്കാം. 

വഖഫ് നിയമം അടിമുടി പൊളിച്ചെഴുതുന്നതാണ് ഇന്നവതരിപ്പിക്കുന്ന ഭേദഗതി ബില്‍. ഇതിനെ മുസ്ലിം സംഘടനകള്‍ എതിര്‍ക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്.

1.) വഖഫ് ബൈ യൂസര്‍ എന്ന വ്യവസ്ഥ ഇല്ലാതാക്കുന്നു. അതായത് ദീര്‍ഖകാലമായി ഒരു വസ്തു മതകാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ അത് വഖഫ് ഭൂമിയായി കണക്കാക്കാം എന്നാണ് നിലവിലെ നിയമം പറയുന്നത്. ബില്ലില്‍ ഈ വ്യവസ്ഥ എടുത്തുകളയുന്നു. രേഖകളുണ്ടെങ്കില്‍ മാത്രമെ ഭൂമി വഖഫ് ആയി കണക്കാക്കാന്‍ സാധിക്കു. മറ്റൊന്ന് ആര്‍ക്കും തന്‍റെ ഭൂമി വഖഫിന് നല്‍കാം എന്ന് നിലവിലെ നിയമം പറയുന്നു. ബില്‍ അനുസരിച്ച് അഞ്ചുവര്‍ഷം എങ്കിലും ഇസ്ലാംമത വിശ്വാസിയായ ആള്‍ക്കെ ഭൂമി വഖപിന് ദാനംനല്‍കാന്‍ സാധിക്കു.

2) വഖഫ് കൗണ്‍സിലിന്‍റെയും ബോര്‍ഡിന്‍റെയും ഘടനയിലെ മാറ്റങ്ങളാണ് എതിര്‍പ്പിനുള്ള മറ്റൊരു കാരണം.

നിലവിലെ നിയമം അനുസരിച്ച് വഖഫ് കൗണ്‍സിലിലെയും ബോര്‍ഡിലേയും എല്ലാ അംഗങ്ങളും മുസ്‌ലിംകള്‍ ആകണം. അതില്‍ രണ്ടുപേര്‍ വനിതകളും. ബില്ലില്‍ പറയുന്നത് കൗണ്‍സിലിലെ രണ്ടുപേര്‍ നിര്‍ബന്ധമായും മുസ്‌ലിം ഇതര വിഭാഗത്തില്‍ പെട്ടവരായിരിക്കണം എന്നാണ്. ശേഷിക്കുന്നവരില്‍ രണ്ടുപേര്‍ മുസ്‌ലിം വനിതകള്‍ ആകണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.  ഇത് മതസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു

3.) വഖഫ് ബോര്‍ഡുകളില്‍ ചെയര്‍മാനെയും അംഗങ്ങളെയും സര്‍ക്കാരിന് നോമിനേറ്റ് ചെയ്യാം എന്ന് ബില്‍ നിര്‍ദേശിക്കുന്നു. മാത്രമല്ല ജനപ്രതിനിധികളായ രണ്ട് അംഗങ്ങള്‍ അമുസ്‌ലിംകള്‍ ആവണം എന്നും പറയുന്നു. ഷിയ, സുന്നി, വിഭാഗങ്ങളില്‍ നിന്നുള്ളവരും ബോര്‍ഡില്‍ ഉണ്ടാവണം

ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു നിശ്ചിത വസ്തു വഖഫ് ആണ് എന്ന് തീരുമാനിക്കുന്നത് വഖഫ് ബോര്‍ഡായിരുന്നു. ബില്‍ അനുസരിച്ച്  ജില്ലാകലക്ടര്‍ ആണ് സര്‍വേ നടത്തി വഖഫ് ഭൂമി തീരുമാനിക്കേണ്ടത്. തര്‍ക്കങ്ങളില്‍ ഇതുവരെ വഖഫ് ട്രൈബ്യൂണലിനായിരുന്നു അന്തിമ വാക്ക്. എന്നാല്‍  ബില്‍ അനുസരിച്ച് 90 ദിവസത്തിനകം ഹൈക്കോടതിയെ സമീപിക്കാം. വഖഫ് ട്രിബ്യൂണലില്‍ മുസ്‌ലിം പണ്ഡിതന്‍ വേണമെന്ന വ്യവസ്ഥ നീക്കി പകരം ജോയന്‍റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനും ബില്‍ നിര്‍ദേശിക്കുന്നു

4.) ഓഡിറ്റ് നടത്താനുള്ള അവകാശം സര്‍ക്കാരിനുണ്ടാവും എന്ന വ്യവസ്ഥയും എതിര്‍പ്പിന് കാരണമാകുന്നു

ENGLISH SUMMARY:

KCBC has issued another warning regarding the Waqf Amendment Bill, urging Kerala MPs to take a responsible stance. KCBC spokesperson Bishop Thomas Tharayil stated that if MPs fail to act appropriately, the final decision will rest with the people. While KCBC does not demand the complete removal of the Waqf Act, they insist on eliminating its unregulated powers.