waste-kochi

AI generated image, പ്രതീകാത്മക ചിത്രം

കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടില്‍ നിന്നൊരു മാലിന്യപ്പൊതി വീണു. വിഡിയോ എടുക്കുന്നതിനിടെ വിനോദസഞ്ചാരിയുടെ മൊബൈല്‍ഫോണില്‍ ഈ മാലിന്യപ്പൊതിയും പതിഞ്ഞു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതര്‍ നോട്ടീസയച്ചു. കിട്ടിയത് ഗായകന്‍ എംജി ശ്രീകുമാറിന്. 25,000 രൂപയുടെ പിഴ നോട്ടിസ്.

നോട്ടീസ് കൈപ്പറ്റിയതിനു പിന്നാലെ 25,000രൂപ പിഴയടയ്ക്കുകയും ചെയ്തു. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമായെങ്കിലും ആരാണെന്നു തിരിച്ചറിയാനായിട്ടില്ല. നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. 

പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടിയും നൽകി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.

തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A garbage bag from a house in Mulavukad panchayat fell into the Kochi backwaters. While recording a video, the garbage bag also landed on a tourist's mobile phone.