പട്ടത്ത് ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കിയ ഐ.ബി.ഉദ്യോഗസ്ഥയെ കാമുകനായ സുകാന്ത് ചൂഷണം ചെയ്തതിന് കൂടുതല്‍ തെളിവുകളുണ്ട് എന്ന് കുടുംബം. മകള്‍ക്ക് പുതിയ കാര്‍ വാങ്ങിക്കൊടുത്ത് രണ്ടു ദിവസം കഴിഞ്ഞ് പാതിരാത്രി കാര്‍ എറണാകുളം ടോള്‍പ്ലാസ കടന്നെന്ന് സന്ദേശം വന്നെന്ന് പിതാവ്. കാര്‍ മോഷണം പോയെന്നാണ് താന്‍ കരുതിയത്, മകളോട് ചോദിച്ചപ്പോള്‍ അമ്പലത്തില്‍ പോയെന്ന മറുപടിയാണ് പറഞ്ഞത്. പിന്നീടാണ് മകളും സഹപ്രവര്‍ത്തകനും കൂടി യാത്ര ചെയ്തതാണെന്ന് അറിഞ്ഞതെന്നും പിതാവ് പറയുന്നു.
ആ സംഭവത്തോടെ അസമയത്തെ യാത്രകള്‍ വിലക്കിയെന്നും സുകാന്തിന്റെ വീട്ടുകാരോട് വന്ന് കല്യാണം അന്വേഷിക്കാന്‍ ആവശ്യപ്പട്ടെന്നും കുടുംബം, എന്നാല്‍ അതിപ്പോള്‍ വേണ്ടെന്ന മറുപടിയായിരുന്നു ലഭിച്ചത്. ആദ്യം മുതലേ കല്ല്യാണക്കാര്യം പറയുമ്പോള്‍ സുകാന്തിന് ഇഷ്ടക്കേടുള്ള പോലെയാണ് മനസിലായത്. മകളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും അവന്‍ ചൂഷണം ചെയ്തു. സുകാന്തിന്റെ ടോര്‍ച്ചറിങ് സഹിക്കാന്‍ വയ്യാതെയാണ് മകള്‍ ജീവനൊടുക്കിയതെന്നും പിതാവ് പറയുന്നു.
സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പണം മകളുടെ ആവശ്യത്തിന് ചോദിച്ചാല്‍ അവന്റെ കാലുപിടിക്കേണ്ട ഗതികേടായിരുന്നുവെന്നും തന്നോടോ കുടുംബത്തോടോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുംതന്നെ മകള്‍ പറഞ്ഞിരുന്നില്ലെന്നും പിതാവ്. പഠനത്തില്‍ വളരെ മിടുക്കിയായ പെണ്‍കുട്ടിയായിരുന്നു. പട്ടത്തുവച്ച് മകള്‍ക്ക് അപകടം സംഭവിച്ചുവെന്ന് മാത്രമാണ് തങ്ങള്‍ ആദ്യം അറിഞ്ഞതെന്നും പിന്നീട് ബന്ധു വഴിയാണ് കാര്യങ്ങള്‍ അറിയുന്നതെന്നും പിതാവ് മനോരമന്യൂസിനോട് പറഞ്ഞു.
മകളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചോദിക്കുകയോ പുറത്തുപറയുകയോ ചെയ്യരുതെന്ന് ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. നിലവിലെ അന്വേഷണത്തിന്‍മേല്‍ കൃത്യമായ നടപടിയില്ലെങ്കില്‍ നേരിട്ട് കോടതിയില്‍ പോകാനാണ് കുടുംബത്തിന്റെ തീരുമാനം.