ആശാ വർക്കർമാരുടെ നിരാഹാരത്തിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുൻപിൽ നിരാഹാര സമരവുമായി വനിതാ സി.പി.ഒ ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേയാണ് സമരം. മൂന്നു ഉദ്യോഗാർഥികളാണ് ആദ്യഘട്ടത്തിൽ നിരാഹാരം തുടങ്ങിയത്. വൃതശുദ്ധിയോടെ ഒരു മാസത്തെ നോമ്പു കഴിഞ്ഞ് പെരുന്നാൾ ആഘോഷിച്ച് പിറ്റേന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ് തൃശൂർകാരിയായ സി.എസ്. ഹനീന. പൊരിവെയിലത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ നിരാഹാരമിരിക്കാൻ ഹനീനയ്ക്ക് കരുത്താകുന്നത് നോമ്പുകാലത്തെ മനസാന്നിധ്യമാണ്.
ഹനീന ഉൾപ്പെടെ 964 പേർ ഉൾപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി ഈമാസം 19ന് അവസാനിക്കും. ഇതിനകം ജോലി ലഭിച്ചത് വെറും 268 പേർക്ക്. സി.പി.എം അനുഭാവികളായ ബോഡി ബിൾഡിങ് താരങ്ങളെ പൊലീസിൽ നിയമിച്ച വിവാദമായിരുന്നു. വിവാദം മറികടക്കാൻ അവരെ ഫിസിക്കൽ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ താരങ്ങൾ തോറ്റു തൊപ്പിയിട്ടതും ഉദ്യോഗാർഥികൾ ആയുധമാക്കുന്നുണ്ട്. സർക്കാരിന്റെ കണക്കിൽ റാങ്ക് പട്ടിക തീരാൻ 12 പ്രവൃത്തിദിവസമേയുള്ളു. അതിനുള്ളിൽ നിയമനമുണ്ടായില്ലെങ്കിൽ ഇവരുടെ അധ്വാനം വെറുതേയാകും.