തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിൽ നിന്ന് ലഹരി പിടികൂടിയ കേസിൽ തൊണ്ടി മുതൽ മുക്കി പൊലീസിന്റെ അട്ടിമറി നീക്കം. പൊക്കം ഷാജഹാൻ്റെ നേതൃത്വത്തിലെ സംഘത്തിൽ നിന്ന് പിടി കൂടിയ ഹാഷിഷ് ഓയിലും ലഹരി കടത്തിയ കാറുമാണ് കോടതിയെ അറിയിക്കാതെ തിരുവല്ലം പൊലീസ് മുക്കിയത്. ലഹരി മാഫിയയെ അമർച്ച ചെയ്യാനായി നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിലാണ് പ്രതിയെ രക്ഷിക്കാനുള്ള പൊലീസിൻ്റെ അട്ടിമറി. പൊലീസുകാര്‍ക്കെതിരെ നടപടിക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയും പൊലീസും കൊട്ടിഘോഷിക്കുന്ന ഓപ്പറേഷൻ ഡി ഹണ്ട് പൊലീസ് തന്നെ അട്ടിമറിക്കുന്നതിൻ്റെ തെളിവാണ് തലസ്ഥാനത്തെ തിരുവല്ലം പോലീസിൻ്റെ വഴിവിട്ട നീക്കം.
ക്വട്ടേഷനും സ്വർണം പൊട്ടിക്കലുമൊക്കെയായി തിരുവനന്തപുരത്തെ പ്രധാന ഗുണ്ടയാണ് വലിയതുറ സ്വദേശി പൊക്കം ഷാജഹാൻ. ചൊവ്വാഴ്ച രാത്രി ഷാജഹാനും സംഘവും തങ്ങിയ വീട്ടിൽ നിന്ന് ഡാൻസാഫ് സംഘം ലഹരി പിടികൂടി തിരുവല്ലം പൊലീസിനെ ഏൽപിച്ചു.
30 ഗ്രാം കഞ്ചാവ് , 0.06 ഗ്രാം MDMA , 1.2 ഗ്രാം ഹാഷിഷ് ഓയിൽ , 65000 രൂപ കൂടാതെ എയർഗൺ എന്നിവയാണ് പിടിച്ചത്. ഇവ കൊണ്ടു വന്ന രണ്ട് കാറും പിടിച്ചെടുത്തു. എന്നാൽ കോടതിയിൽ നൽകിയ എഫ് ഐ ആർ , മഹസർ റിപ്പോർട്ട് എന്നിവയിൽ നിന്ന് ഹാഷിഷ് ഓയിൽ ഒഴിവാക്കി. റിപ്പോർട്ടൽ കാണിച്ചത് ഒരു കാർ മാത്രം. എസ് ഐ തയാറാക്കിയ റിപ്പോർട്ടിലെ അട്ടിമറി നീക്കം പുറത്തറിഞ്ഞതോടെ രണ്ടാമത് ഒരു മഹസർ റിപ്പോർട്ട് തയാറാക്കി രണ്ടാമത്തെ കാർ ഉൾപ്പെടുത്തി.
അപ്പോഴും ഹാഷിഷ് ഓയിൽ കേസ് ഡയറിയിൽ ഇല്ല. ലഹരിയുടെ അളവ് കുറഞ്ഞാൽ ജാമ്യം കിട്ടാൻ എളുപ്പമാകും, പൊലീസ് രേഖകളിൽ വ്യത്യസ്ത അളവ് വരുന്നതോടെ വിചാരണയിൽ കേസ് തള്ളിപ്പോകും. അട്ടിമറി നീക്കത്തിൻ്റെ ലക്ഷ്യവും അത് തന്നെ.