യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തിന്‍റെ കെടുതിയില്‍ നിന്ന് നമ്മുടെ കൊച്ചു കേരളത്തിനും മോചനമില്ല. ട്രംപ് ഇന്ത്യയ്ക്ക് മേല്‍ പ്രഖ്യാപിച്ച പകരം തീരുവ കേരളത്തിന്‍റെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക ഉല്‍പ്പന്നങ്ങളെയായിരിക്കും പ്രധാനമായും ബാധിക്കുക.
കേരളം ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് യു.എസ്. അതുകൊണ്ടു തന്നെ ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് കേരളത്തിലെ കയറ്റുമതി മേഖല നോക്കിക്കാണുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ഞൂറോളം കോടി രൂപയുടെ കയറ്റുമതിയാണ് കേരളം അമേരിക്കയിലേക്ക് നടത്തിയത്.
ഇതില്‍ ഭൂരിഭാഗവും കശുവണ്ടി, അരി, പഴം, തേയില തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ്. ഇവയെയെല്ലാം ട്രംപിന്‍റെ തീരുവ ബാധിക്കും. കാര്‍ഷിക രംഗത്തെ വരുമാന വര്‍ധനവിന് മൂല്യ വര്‍ധിത വസ്തുക്കളുടെ ഉല്‍പാദനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് യു.എസ് ഉള്‍പ്പെടേയുള്ള വിദേശ വിപണികള്‍ കണ്ടാണ്.
ഇതിനും ട്രംപിന്‍റെ തീരുവ പാരയാകും. അതേസമയം ട്രംപിന്‍റെ തീരുവ നയം ചില മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറന്നിടുന്നുണ്ടെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു. ഈ അവസരം മുതലാക്കാനുള്ള നയങ്ങള്‍ക്ക് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ രൂപം കൊടുക്കണമെന്നും വിദഗ്ദര്‍ ആവശ്യപ്പെടുന്നു.