സിഎംആർഎൽ പണമിടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ എസ്എഫ്ഐഒ വീണ്ടുമൊരു കുറ്റപത്രം സമർപ്പിക്കും. സി.എം.ആർ.എല്ലിൻ്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ വീണയുടെ എക്സാലോജിക് പൂട്ടിയെന്നാണ് കേസ്. ബെംഗളൂരുവിലെ കോടതിയിലായിരിക്കും കുറ്റപത്രം നൽകുക. എക്സാലോജിക് ആണ് മുഖ്യ പ്രതി. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ കൂട്ടുപ്രതികൾക്ക് ഒപ്പമാണ് വീണയുള്ളത്. പാർട്ടി കോൺഗ്രസിനിടെ തുടർച്ചയായി വീണയ്ക്കെതിരെ കുറ്റപത്രങ്ങൾ വരുന്നത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
അതേസമയം, സിഎംആർഎൽ എക്സാലോജിക് ദുരൂഹ സാമ്പത്തികയിടപാടിൽ എസ്എഫ്ഐഒ കുറ്റപത്രം അംഗീകരിക്കുന്നതിൽ തീരുമാനം ഉടൻ. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് ദിവസത്തിനകം സൂക്ഷ്മപരിശോധന പൂർത്തിയാക്കി കുറ്റപത്രം ഫയലിൽ സ്വീകരിക്കും. തുടർന്ന് പ്രതികൾക്ക് സമൻസ് അയയ്ക്കും. സിഎംആർഎൽ എംഡി ശശിധരൻ കർത്താ, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കം 13 പേരാണ് പ്രതിപ്പട്ടികയിൽ. വ്യാഴാഴ്ചയാണ് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.