എംജി സർവകലാശാല എൻവയൺമെന്റൽ സയൻസ് വിഭാഗത്തിലെ അധ്യാപക നിയമനത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. എൻവയൺമെന്റൽ സയൻസ് പഠിച്ചവർക്ക് മുൻഗണന നൽകാതെ ഏതെങ്കിലും ലൈഫ് സയൻസ് പഠിച്ചവരെ അധ്യാപകരായി നിയമിക്കുന്നതായാണ് പരാതി. എംജി സർവകലാശാലയുടെ അശാസ്ത്രീയ വിജ്ഞാപനം തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥി സമരം.
2023 ഒക്ടോബർ മൂന്നാം തീയതി വരെ എംജി സർവ്വകലാശാല എൻവയണ്മെന്റൽ സയൻസ് വിഭാഗത്തിൽ അധ്യാപകരാവണമെങ്കിൽ അതേ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം പിഎച്ച്ഡിയോ വേണം.എന്നാൽ മാസങ്ങൾക്ക് ശേഷം തിരുത്തി ഇറങ്ങിയ വിജ്ഞാപനപ്രകാരം ഏതെങ്കിലും ലൈഫ് സയൻസ് പഠിച്ചവർക്കും ഡിപ്പാർട്ട്മെന്റിലെ അധ്യാപകരാകാം. പിൻവാതിൽ നിയമനത്തിനായി സർവ്വകലാശാല തിരുത്തിയിറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം. സർവകലാശാലയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുന്നത് വരെ പഠിപ്പു മുടക്കി പ്രതിഷേധിക്കുകയാണ് വിദ്യാർത്ഥികൾ
നിലവിലെ വിജ്ഞാപന പ്രകാരം എൻവയണ്മെന്റൽ സയൻസ് പഠിച്ച വിദ്യാർഥികൾക്ക് അതേ ഡിപ്പാർട്ട്മെന്റിൽ അധ്യാപകരാകാനുള്ള സാധ്യത വളരെ കുറവാണ്.മറ്റുള്ള സ്ട്രീമുകളിൽ നിന്നുള്ള അധ്യാപകരെ നിയമിക്കുന്നതോടെ ലഭിക്കുന്ന വിദ്യാഭ്യാസത്തിന് നിലവാരക്കുറവ് ഉണ്ടാകുമെന്നും വിദ്യാർഥികൾ. ഇത് സംബന്ധിച്ച പരാതി സർവകലാശാല വിസിക്കും റജിസ്ട്രാർക്കും നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. അടുത്തകാലത്ത് സർവകലാശാലയിൽ നടന്ന നിയമനങ്ങളിലും വിദ്യാർഥികൾ ആരോപണമുയർത്തുന്നുണ്ടെങ്കിലും സർവകലാശാല അധികൃതർ ആരോപണങ്ങളെ തള്ളി.