വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാൻ ഇഡി. ശ്രീ ഗോകുലം ചിറ്റ്സ് വഴി ഫെമ ചട്ടങ്ങൾ ലംഘിച്ചു 593 കോടി രൂപ പ്രവാസികളിൽ നിന്ന് സമാഹരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സമാനമായി സിനിമ നിർമാണത്തിലും മറ്റ് ബിസിനസുകളിലും വിദേശത്ത് നിന്ന് പണം സമാഹരിച്ചതായുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചു.
ഈ സാഹചര്യത്തിലാണ് ഗോകുലം ഗ്രൂപ്പിന്റെ സാമ്പത്തികയിടപാടുകൾ വിശദമായി പരിശോധിക്കാനുള്ള ഇ.ഡി തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. കോടമ്പാക്കത്തെ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് പിടിച്ചെടുത്ത ഒന്നരകോടി രൂപ സംബന്ധിച്ചും ഗോകുലം ഗോപാലൻ മറുപടി നൽകേണ്ടിവരും.
അതേസമയം, പൃഥ്വിരാജ് 2022ൽ അഭിനയിച്ച 3 സിനിമകളുടെ പ്രതിഫലത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് ആദായനികുതി വകുപ്പ്. കടുവ, ഗോൾഡ്, ജനഗണമന എന്നിവയിൽ അഭിനയിച്ചതിനു ലഭിച്ച പ്രതിഫലത്തിന്റെ കണക്കു ചോദിച്ചാണു നോട്ടിസ് അയച്ചത്. 2022ൽ കണക്കുകൾ പരിശോധിച്ചപ്പോൾ ഈ സിനിമകളിൽ പ്രതിഫലം വാങ്ങിയില്ലെന്നാണു പൃഥ്വിരാജ് പറഞ്ഞത്. ഇക്കാലയളവിൽ 40 കോടി രൂപ പൃഥ്വിരാജിന്റെ കമ്പനിയിലേക്കു വന്നതിന്റെ ഉറവിടം വെളിപ്പെടുത്തിയിരുന്നില്ല. ‘എമ്പുരാൻ’ റിലീസിനു മുൻപാണു നോട്ടിസ് അയച്ചത്.