തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യക്ക് കാരണം സുഹൃത്ത് സുകാന്തിന്‍റെ ലൈംഗിക–സാമ്പത്തിക ചൂഷണങ്ങളെന്ന് പൊലീസ്. ആത്മഹത്യാ പ്രേരണാകുറ്റത്തിന് തെളിവുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഗര്‍ഭഛിദ്രം നടത്തിയത് ഭീഷണിപ്പെടുത്തിയോയെന്നും അന്വേഷണം. അതിനിടെ സുകാന്തിനെതിരെ പണം തട്ടിയെടുത്തെന്ന വകുപ്പുകൂടി ചുമത്തി.
ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുടെ 14 ാം ദിവസവും ഒളിവില്‍ കഴിയുന്ന സുകാന്ത് സുരേഷിനെതിരെ നടപടി കടുപ്പിക്കുകയാണ് പൊലീസ്. ബലാല്‍സംഗവും തട്ടിക്കൊണ്ടുപോകലും കൂടാതെ ആത്മഹത്യാ പ്രേരണയ്ക്ക് തെളിവുണ്ടെന്നും ഉറപ്പിക്കുന്നു. 2023 ഡിസംബറില്‍ രാജസ്ഥാനിലെ ജോധ്പൂരിലെ പരിശീലനത്തിനിടെ പരിചയപ്പെട്ട് പ്രണയത്തിലായ ശേഷം ഒരു വര്‍ഷത്തോളം യുവതിയെ സുകാന്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി. ഇതിനൊപ്പം ലക്ഷങ്ങളുടെ സാമ്പത്തിക ചൂഷണവും. ഉദ്യോഗസ്ഥയുടെ ശമ്പളം മുഴുവന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്ന സുകാന്ത്, വിവിധയിടങ്ങളില്‍ യാത്ര ചെയ്തപ്പോഴും ഹോട്ടല്‍ മുറികളില്‍ താമസിച്ചപ്പോഴുമെല്ലാം അതിന്‍റെ പണം കൊടുപ്പിച്ചതും യുവതിയെ കൊണ്ട് തന്നെയാണ്.
വിവാഹം കഴിക്കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇതിനെല്ലാം യുവതി സമ്മതിച്ചത്. ഒടുവില്‍ ഗര്‍ഭഛിദ്രത്തിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന പൊലീസ് ചികിത്സാ രേഖകളടക്കം തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. സുകാന്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനായി ഇക്കാര്യങ്ങള്‍ നാളെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഗര്‍ഭഛിദ്രത്തേക്കുറിച്ച് വിശദമായ അന്വേഷണത്തിലേക്കും പൊലീസ് കടന്നു. ഭീഷണിപ്പെടുത്തിയാണോ നടത്തിയതെന്നും മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുമാണ് അന്വേഷിക്കുന്നത്.
അതേസമയം, അടക്കാനാവാത്ത സങ്കടത്തിലും മകളുടെ മരണത്തില്‍ കാരണം തേടി പിതാവും, അമ്മാവനും കൂടി നടത്തിയ അന്വേഷണമാണ് ജീവനൊടുക്കിയ ഐ.ബി.ഉദ്യോഗസ്ഥ നേരിട്ട കൊടിയ ചൂഷണങ്ങള്‍ അതിവേഗം വെളിച്ചത്തു കൊണ്ടുവന്നത്. ഓണ്‍ലൈന്‍,യുപിഐ സാമ്പത്തിക ഇടപാടുകളാണ് പെട്ടെന്ന് വഴികാട്ടിയത്. മകള്‍ മരിച്ച് രണ്ടാംദിവസമായിരുന്നു സംസ്കാരം.വിവാഹ ആലോചനയ്ക്കായി പെയിന്‍റടിച്ച് മോടിപിടിപ്പിച്ച വീടിന്‍റെ മുറ്റത്തെ പന്തലിലാണ് ട്രെയിനിടിച്ച് മരിച്ച 24വയസുകാരിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു എങ്കിലും കടുത്ത സങ്കടത്തിലും കുടുംബം ഒന്നും തുറന്നു പറഞ്ഞില്ല.സഞ്ചയനച്ചടങ്ങുകള്‍ക്ക് ശേഷമാണ് അന്വേഷണം തുടങ്ങിയത്.
നോയിഡയിലായിരുന്നു പെണ്‍കുട്ടിയുടെ ഫൊറന്‍സിക് സയന്‍സിലെബിരുദ പഠനം. പിന്നീട് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷയ്ക്കുള്ള പരിശീലനം. ഇതിനിടയിലാണ് ഐബിയിലേക്കുള്ള പരീക്ഷ എഴുതുന്നതും തിരഞ്ഞെടുക്കപ്പെടുന്നതും. ജോലികിട്ടിയ ശേഷം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. ജോലിക്കാര്യങ്ങള്‍ പുറത്ത് പറയരുത്, വീട്ടുകാര്‍ പോലും ജോലിയുടെ വിശദാംശങ്ങള്‍ അന്വേഷിക്കരുത് തുടങ്ങിയ നിബന്ധനകള്‍ അറിയിച്ചു.മകള്‍ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോയി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ആയിരുന്നു ആദ്യ പോസ്റ്റിങ്. ജോലി കിട്ടിയതിന് പിന്നാലെ മകള്‍ക്ക് പിതാവ് ഒരു കാര്‍ സമ്മാനിച്ചു. ഒരുദിവസം പുലര്‍ച്ചെ രണ്ടിന് കാര്‍ കൊച്ചിയിലെ ടോള്‍പ്ലാസ കടന്നതായി ഫോണില്‍ സന്ദേശം എത്തി. കാര്‍ മോഷണം പോയതാണോ എന്ന് സംശയിച്ച പിതാവ് മകളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ജീവിതത്തിലേക്കെത്തിയ സുകാന്തിനെക്കുറിച്ച് അറിഞ്ഞത്. എതിര്‍ക്കാന്‍ ഒന്നുമില്ല, സുകാന്തും ഐ.ബി.ഉദ്യോഗസ്ഥന്‍. സുകാന്തിന്‍റെ മാതാപിതാക്കള്‍ വിവാഹ ആലോചനയുമായി വരട്ടെ എന്നായിരുന്നു യുവതിയുടെ മാതാപിതാക്കളുടെ നിലപാട്. ഇതിനായാണ് വീട് മോടി പിടിപ്പിച്ചത്. കാത്തിരുന്ന വീട്ടിലേക്ക് പക്ഷേ വിവാഹ ആലോചനയല്ല യുവതിയുടെ ചേതനയറ്റ ജഡമാണ് എത്തിയത്.
ബാങ്ക് സ്റ്റേറ്റ്മെന്‍റാണ് പ്രണയത്തിന്‍റെയും ചതിയുടേയും കഥ പറഞ്ഞത്. സുകാന്ത് പലവട്ടം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തി.യുവതി തിരിച്ചും.ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നതും യുവതിയുടെ പണം കൊണ്ട്.യാത്രകളില്‍ താമസിക്കുന്ന ഇടങ്ങളിലെ വാടക അടച്ചതും പെണ്‍കുട്ടിയുടെ പണം ഉപയോഗിച്ച്. 2024 ജൂലൈമാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്‍റെ പണം അടച്ചതും യുവതിയുടെ കാര്‍ഡില്‍ നിന്ന്. മൂന്നരലക്ഷത്തോളം രൂപ പലപ്പോഴായി സുകാന്തിന് അയച്ചു കൊടുത്തു. അവസാന നാലു മാസത്തെ ശമ്പളം പൂര്‍ണമായും നല്‍കി. എല്ലാ പണവും സുകാന്തിന് നല്‍കിയതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാത്ത അവസ്ഥയിലായിരുന്നു യുവതി എന്നാണ് സഹപ്രവര്‍ത്തകര്‍ കുടുംബത്തോട് പറഞ്ഞത്.
ഗര്‍ഭഛിദ്രം കഴിഞ്ഞിട്ടും സുകാന്ത് വിവാഹത്തോട് മുഖം തിരിച്ചു. “മകളോട് താല്‍പര്യമില്ല,എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം എന്ന്”യുവതിയുടെ അമ്മയ്ക്ക് സന്ദേശം അയച്ചു.എന്നിട്ടും ഒരുമിച്ചുള്ള യാത്രകളും ശാരീരികവും,മാനസികവുമായ ചൂഷണവും തുടര്‍ന്നു.കഴിഞ്ഞ ഫെബ്രുവരിയിലെ ശമ്പളം വരെ സുകാന്ത് കൈക്കലാക്കിയിരുന്നു.മുന്‍പറിയാവുന്ന കാര്യങ്ങളും,അന്വേഷണങ്ങളിലൂടെ അറിഞ്ഞതും ചേര്‍ത്താണ് കുടുംബം പൊലീസിനെ കണ്ടത്.ഒരുഘട്ടത്തിലും ഐ.ബിയേയോ,പൊലീസിനേയോ വിശ്വാസത്തില്‍ എടുക്കാതിരുന്നില്ല.തങ്ങള്‍ക്ക് കിട്ടിയ തെളിവുകളും സംശയങ്ങളും പൊലീസിനെ അറിയിച്ചു.കുടുംബത്തിന്‍റെ നിരന്തര ഇടപെടല്‍ കൂടിയാണ് മരണത്തിന്‍റെ പത്താംദിനം സുകാന്തിനെതിരെ ബലാല്‍സംഗക്കുറ്റവും ചുമത്തുന്നതിലേക്ക് എത്തിച്ചത്.