മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തില്‍ എസ്‍.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കില്ല. കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലാത്തതാണ് കാരണം. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു. എട്ട് പരാതികള്‍ ലഭിച്ച എടക്കര പൊലീസാണ് നിയമോപദേശം തേടിയത്.
മലപ്പുറത്തെ പ്രത്യേക രാജ്യമായാണ് ഒരു കൂട്ടർ കണക്കാക്കുന്നതെന്നും ഈഴവർ ഞെങ്ങി ഞെരുങ്ങിയാണ് കഴിയുന്നതെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ജില്ലയിൽ ഈഴവർ തൊഴിലുറപ്പുകാരും വോട്ടുകുത്തിയന്ത്രങ്ങളും മാത്രമാണെന്നും ചുങ്കത്തറയിലെ പ്രസംഗത്തില്‍ െവള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശം.
എന്നാല്‍ തന്റെ പ്രസംഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതെന്നാണ് വെള്ളാപ്പള്ളി നടേശന്‍റെ വാദം. പ്രസംഗത്തില്‍ വിവരിച്ചത് സമുദായത്തിന്‍റെ പിന്നാക്കാവസ്ഥയാണ്. ഞാന്‍ മുസ്‍ലിം വിരോധിയല്ല. പറഞ്ഞ വാക്കില്‍ ഒന്നുപോലും പിന്‍വലിക്കില്ല. എന്നെ തകര്‍ക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ പ്രതിഷേധിച്ച സംഘടനയാണ് എസ്എന്‍ഡിപിയെന്നും വെള്ളാപ്പള്ളി. ‘മതേതരത്വം പറയുന്ന ലീഗ് ഒരു പഞ്ചായത്തിലും ഹിന്ദുവിനെ മല്‍സരിപ്പിച്ചിട്ടില്ല. തനിക്കെതിരെയുള്ള ലീഗിന്‍റെ മൂന്നാമത്തെ ആക്രമണമാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘എന്‍റെ കോലം കത്തിച്ചവര്‍ എന്നെ വേണമെങ്കില്‍ കത്തിച്ചോളൂ. വിരോധമില്ല. നീതിക്കുവേണ്ടിയുള്ള യാചനയാണ് നടത്തിയത്. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. എല്ലാവരുടെയും നാടാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.