മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ദുരൂഹ ഇടപാടുകേസിലെ എസ്എഫ്‌ഐഒയുടെ തുടർനടപടികൾ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് നോട്ടീസ് അയക്കുന്നതിനൊപ്പം നടപടികള്‍ സ്റ്റേ ചെയ്യുമോ എന്നതാണ് നിര്‍ണായകമായ കാര്യം. കേസില്‍ കൊച്ചിയിലെ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്നും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയോ എന്നും വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം, റിപ്പോർട്ട് കോടതിയിൽ നൽകുംമുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നേരത്തെ നല്‍കിയ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരുന്നു. അതേസമയം, സിഎംആര്‍എല്‍ പണമിടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കുരുക്ക് മുറുകുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്ന കേസില്‍ മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സീരിയസ് ഫ്രോഡ് ഇന്‍വിസ്റ്റിഗേഷന്‍ ഓഫിസ്. എറണാകുളം കോടതിയില്‍ എസ്എഫ്‌ഐഒ നല്‍കിയ കുറ്റപത്രം അംഗീകരിക്കുന്നതില്‍ തീരുമാനം ഉടനുണ്ടാകും.