ആലപ്പുഴയില്‍ രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമയെ പരിചയമുണ്ടെന്ന് സ്ഥിരീകരിച്ച് നടന്‍ ശ്രീനാഥ് ഭാസി. കഞ്ചാവ് വേണോ എന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്നും കളിയാക്കിയതെന്ന് കരുതി Wait എന്ന് മറുപടി നല്‍കിയെന്നും ശ്രീനാഥ് ഭാസി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ശ്രീനാഥ് ഭാസിയുടെ വിശദീകരണം. ഹൈക്കോടതി പരിഗണച്ചതിന് പിന്നാലെ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു.
ഏപ്രില്‍ ഒന്നിനാണ് മൂന്ന്കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയും തമിഴ്നാട്ടുകാരന്‍ ഫിറോസും എക്സൈസിന്‍റെ പിടിയിലായത്. തസ്ലിമയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സിനിമ നടന്‍മാരുമായുള്ള ബന്ധം വ്യക്തമായത്. ശ്രീനാഥ് ഭാസിയുമായി നടത്തിയ ചാറ്റും തെളിവായി ലഭിച്ചു.
തസ്ലിമയെ തനിക്കറിയാമെന്ന് സ്ഥിരീകരിക്കുന്നു ശ്രീനാഥ് ഭാസി. നവംബറില്‍ കോഴിക്കോടുള്ള സെറ്റില്‍ വെച്ച് ക്രിസ്റ്റീനയെന്ന നിലയിലാണ് തസ്ലിമയെ പരിചയപ്പെട്ടത്. തന്‍റെ ഫാനാണെന്നും എല്ലാം സിനിമയും കണ്ടിട്ടുണ്ടെന്ന് പറഞ്ഞതോടെ ഫോണ്‍ നമ്പര്‍ വാങ്ങി സേവ് ചെയ്തു. ഏപ്രില്‍ ഒന്നിന് അപ്രതീക്ഷിതമായി ഈ നമ്പറില്‍ നിന്ന് കഞ്ചാവ് വേണോ എന്ന് ചോദിച്ച് കോള്‍ വന്നു. കളിയാക്കിയതെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു.
തൊട്ടുപിന്നാലെ 'ആവശ്യമുണ്ടോ' എന്ന് ചോദിച്ച് വാട്സപ്പില്‍ സന്ദേശമെത്തി. അപ്പോളും കളിയാക്കിയതെന്ന് കരുതിയാണ് വെയ്റ്റെന്ന് മറുപടി നല്‍കിയതെന്നാണ് ശ്രീനാഥിന്‍റെ വാദം. കേസ് വ്യാജവും കെട്ടിചമച്ചതെന്നും തസ്ലിമയില്‍ നിന്ന കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും ശ്രീനാഥിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്. തനിക്ക് ഒരുതരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിങ് മ മുടങ്ങുമെന്നും ശ്രീനാഥ് ഭാസി. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എക്സൈസ്.