തൃശ്ശൂർ നെന്മണിക്കരയിൽ അഞ്ചംഗ കുടുംബം താമസിക്കുന്നത് ഒറ്റ മുറി കുടിലിൽ. പട്ടിണിയിൽ ജീവിക്കുന്ന ഈ കുടുംബത്തിന്‍റെ താങ്ങായി നിൽക്കുന്നത് അമ്മ രേഖയും മകൻ വിഷ്ണുവുമാണ്.
തറയില്ല, ചുവരില്ല, എങ്ങനെയോ കുത്തിനിർത്തിയ ഈ ടാർപോളിൻ മേൽകൂരയ്ക്കു കീഴെ അന്തിയുറങ്ങുന്നത് നാലു തലമുറയിൽപെട്ട അഞ്ചംഗങ്ങൾ. തൃശൂർ നെന്മണിക്കര പഞ്ചായത്ത് മൂന്നാം വാർഡിലെ ഈ ഒറ്റമുറി മേൽക്കൂര ആരുടെയും ഉള്ളുലയ്ക്കും. വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ വീടിൻറെ സ്ഥാനത്ത് തല ചായ്ക്കാൻ ഒരു സ്ത്രീ തട്ടിക്കൂട്ടിയതാണിത്. ഒരു മഴ വന്നാൽ വെള്ളം നിറയാതിരിക്കാൻ കുറേ പാത്രങ്ങൾ നിരത്തിവെക്കണം
ഇവിടെ മൂന്ന് അമ്മമാരാണ് അന്തിയുറങ്ങുന്നത്. രേഖ ശുചീകരണ തൊഴിൽ ചെയ്താണ് കുടുംബം പുലർത്തുന്നത്. ചെറുപ്രായത്തിൽ ഒരു കുഞ്ഞിനെ നൽകിയശേഷം മകളെയും ഭർത്താവുപേക്ഷിച്ചു. രണ്ടു പേരും നിരാലംബരായി ഈ കൂരയ്യക്കു കീഴിലുണ്ട്. പഠിക്കാൻ മിടുക്കനാണെങ്കിലും പ്രാരാബ്ദം കാരണം പ്ളസ് ടുവിനു ശേഷം മകൻ വിഷ്ണു ജോലിക്ക് പോവുകയാണ്. തുടർന്ന് പഠിക്കുക എന്നതാണ് ആ ബാലന്റെ ഏകസ്വപ്നം. ഇവർക്ക് ആകെയുള്ള സ്വത്ത് കൂര നിൽക്കുന്ന മൂന്ന് സെന്റാണ്. അമ്മയുടെ ചികിത്സയ്ക്കായി സഹകരണ ബാങ്കിൽ ഒന്നര ലക്ഷം രൂപയ്ക്ക് രേഖ പണയം വച്ച ഈ ഭൂമിയുടെ ഇപ്പോഴത്തെ കടം നാലര ലക്ഷം രൂപയാണ്. എവിടെ നിന്നെങ്കിലും സഹായ ഹസ്തങ്ങളെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.