പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കയറംകോട് സ്വദേശി അലൻ ജോസഫ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ അലന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. അലന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അലന്‍റെ അമ്മയുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് രണ്ട് മണി വരെ മുണ്ടൂർ പഞ്ചായത്തിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്. മുണ്ടൂർ കപ്ലിപ്പാറയിൽ നിന്നും മുണ്ടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായ സ്ഥലത്തേക്ക് മാർച്ച് നടത്തി.
അതേസമയം, പാലക്കാട് മുണ്ടൂരില്‍ കാട്ടാന യുവാവിനെ കൊന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വീടെന്ന സുരക്ഷിതത്വത്തിന് നൂറ് മീറ്ററിൽ താഴെ മാത്രം ദൈർഘ്യമുള്ള സ്ഥലത്താണ് പാലക്കാട് മുണ്ടൂർ കണ്ണാടംചോലയിൽ ഇരുപത്തി നാലുകാരൻ അലൻ ജോസഫിനെ കാട്ടാന ചവിട്ടിക്കൊന്നത്. അമ്മയ്ക്കൊപ്പം കടയിലെത്തി വീട്ടിലേക്ക് കരുതിയ കവർ പാലും, എണ്ണയും , കറിപ്പൊടി കവറുമെല്ലാം ആക്രമണ സ്ഥലത്ത് ചിതറിക്കിടക്കുന്നത് ആരുടെയും ഉള്ളുലയ്ക്കും.
രക്ഷിക്കണേ എന്ന് ആവർത്തിച്ച് അലന്‍റെ അമ്മ നിലവിളിച്ചത് കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും അലന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. നാട്ടുകരാണ് അതിവേഗം ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ചക്ക തേടിയുള്ള ആനക്കൂട്ടത്തിന്‍റെ നാട്ടിലേക്കുള്ള വരവിനിടെ ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയാണ് പൊലിഞ്ഞത്.