സ്കൂളില്‍ പോയ പൊന്നുമകളെ പിച്ചിച്ചീന്തിയ അയല്‍ക്കാരന് ഒന്നു പിടിച്ചു നില്‍ക്കാന്‍ പോലുമാകുമായിരുന്നില്ല ആ അച്ഛന്‍റെ കോപത്തിന് മുന്നില്‍ . ഒരൊറ്റെ വെടിയുണ്ടയില്‍ അയാള്‍ തീര്‍ന്നു. പ്രതിയെ കൊന്ന കുറ്റം ആ അച്ഛന്‍റെ പേരില്‍ ചാര്‍ത്തപ്പെട്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹം കുറ്റവിമുക്തനാകപ്പെട്ടു. ഇതാണ് മലപ്പുറം മഞ്ചേരി പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണന്‍റെ കഥ.
2001 ഫെബ്രുവരി 9ന് സ്കൂള്‍ വീട്ട് അച്ഛന്‍റെ പൊന്നോമനമകള്‍ വീട്ടിലേക്കെത്തിയില്ല. വീടിനു തൊട്ടടുത്ത് അച്ഛന്‍റെ കണ്ണെത്തും ദൂരത്ത് ദുരത്തുവച്ച് അവള്‍ പിച്ചിച്ചീന്തപ്പെട്ടു, പിന്നാലെ യാതൊരു കരുണയുമില്ലാതെ 24കാരനായ മുഹമ്മദ് കോയ ആ കുഞ്ഞുമകളെ കൊന്നുതള്ളി. കൈവളരുന്നോ കാല്‍വളരുന്നോ എന്നുനോക്കി കണ്‍വെട്ടത്തുനിന്നും മാറാതെ മകളെ വളര്‍ത്തിയ ആ പിതാവ് അന്നും കാത്തിരുന്നു ബാഗും തൂക്കിയുള്ള അവളുടെ വരവിനായി. ആരൊക്കെയോ പറഞ്ഞുപലതും കേട്ടു, പിന്നീടറിഞ്ഞു അയല്‍ക്കാരന്‍റെ കാമവെറിയില്‍ തന്‍റെ മകള്‍ ഇല്ലാതായെന്ന്.
സഹിക്കാവുന്നതിനു അപ്പുറത്തായിരുന്നു അവളുടെ വിയോഗം. കണ്ണുനിറയെ കണ്ട സ്വപ്നങ്ങളെല്ലാം കണ്ണീര്‍ വറ്റിയ ആ അച്ഛന്‍റെ കണ്ണില്‍ വരണ്ടുണങ്ങി. പൊട്ടിക്കരഞ്ഞില്ല, നെഞ്ചത്തടിച്ച് ആര്‍ത്തുവിളിച്ചില്ല, കുഞ്ഞിമകളുടെ കുഴിമാടത്തിലേക്ക് കണ്ണിമചിമ്മാതെ ആ അച്ഛന്‍ നോക്കിയിരുന്നു, എങ്ങിനെയാണോ അത്രയും കാലം മോളെ സംരക്ഷിച്ച് നെഞ്ചോടടക്കിയത്, അതേ വാത്സല്യത്തോടെ. അന്നത്തെ ആ അച്ഛന്‍റെ ചിത്രവും ദൃശ്യങ്ങളും മാധ്യമങ്ങളിലെല്ലാം വന്നു.
പൊലീസ് അതീവജാഗ്രതയോടെ പ്രവര്‍ത്തിച്ചു. അധികം വൈകാതെ തന്നെ പ്രതി മുഹമ്മദ് കോയ അറസ്റ്റിലായി. തെളിവുകള്‍ ഒന്നൊന്നായി നിരത്തിയപ്പോള്‍ പ്രതി ശിക്ഷിക്കപ്പെട്ടു. പിന്നാലെ നാട്ടുകാരും കുടുംബക്കാരും അയല്‍ക്കാരും മറന്നുതുടങ്ങി നാടിനെ നടുക്കിയ ആ ദാരുണകൊലപാതകം, എന്നാല്‍ ഒച്ചപ്പാടോ ബഹളമോ ഓര്‍മകളോ ഒന്നും തന്നെ അയവിറക്കി മറ്റൊരാളെയും ഒന്നുമോര്‍മിപ്പിക്കാന്‍ ശ്രമിക്കാതെ ആ രണ്ടു കണ്ണുകള്‍ കാത്തിരുന്നു, മുഹമ്മദ്കോയയ്ക്കായി....
2002 ജൂലൈ മാസത്തില്‍ മുഹമ്മദ് കോയയ്ക്ക് പരോള്‍ കിട്ടി. പുറത്തിറങ്ങിയ മുഹമ്മദിനെ തൊട്ടടുത്ത ദിവസം തന്നെ കാണാതായി. രണ്ടുദിവസത്തിനുശേഷം ശങ്കരനാരായണന്‍റെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നാണ് മുഹമ്മദിന്‍റെ മൃതദേഹം കണ്ടെടുത്തത്. ദുരൂഹമരണത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ശങ്കരനാരായണനെ അറസ്റ്റ് ചെയ്തു. പൊലീസിനൊപ്പം ഒരു വിജയിയുടെ ഭാവത്തോടെയാണ് ആ പിതാവ് നടന്നു നീങ്ങിയത് . മകളെ ഇല്ലാതാക്കിയവനോടുള്ള പ്രതികാരം ശങ്കരനാരായണന്‍ ഒറ്റ വെടിയുണ്ടയില്‍ തീര്‍ത്തെന്ന് എല്ലാവരും അടക്കം പറഞ്ഞു . അക്കാര്യം പറഞ്ഞ് പറഞ്ഞ് അവര്‍ ആ പിതാവിനെ ഒരു ഹീറോയാക്കി. കേസ് ആദ്യം പരിഗണിച്ച മഞ്ചേരി സെഷന്‍സ്കോടതി ശങ്കരനാരായണനെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. എന്നാൽ അദ്ദേഹത്തെ 2006 മെയ് മാസത്തില്‍ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. പൊലീസിനു സംഭവിച്ച വീഴ്ച്ചയായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. മൃതശരീരം വീണ്ടെടുക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചു കോടതി നീതി നടപ്പാക്കി. മകളില്ലാത്ത ലോകത്ത് നീറിനീറി അദ്ദേഹം 75വയസുവരെ ജീവിച്ച് ഇന്ന് ശങ്കരനാരയണന്‍ വിടപറഞ്ഞു. സ്വപ്നം കണ്ട ജീവിതമല്ല നയിച്ചതെങ്കിലും ചില നിശ്ചയങ്ങള്‍ ആ പിതാവിനെ ഇന്നും ഹീറോയാക്കി നിര്‍ത്തുകയാണ്.