പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വര്‍ഷം തടവും 9.10ലക്ഷം രൂപ പിഴയും ശിക്ഷ. സ്വര്‍ണമോതിരം സമ്മാനമായി നല്‍കിയായിരുന്നു അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡനത്തിനു വിധേയയാക്കിയത്. കീച്ചേരി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (39) യെ ആണ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്.
നേരത്തേ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇയാളെ 26വര്‍ഷം ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഈ കേസിലെ അതിജീവിതയായ പതിനാറുകാരിയെ പീഡിപ്പിച്ചത്. 2020ലെ ലോക്‌ഡൗൺ കാലത്ത് തുടങ്ങിയ പീഡനം 2021 ഡിസംബർ വരെ തുടർന്നു. പതിനൊന്നുകാരിയെ പീഡിപ്പിച്ചതിനു 2018ലാണ് ഇയാൾ അറസ്റ്റിലായത്.