കൺമുന്നിൽ മകനെ ആന ആക്രമിച്ചതിന്‍റെ വേദനയും ആന ചവിട്ടിമെതിച്ച ശരീരത്തിലെ പരുക്കും സഹിച്ച് വിജി അലന് യാത്രാമൊഴി നൽകി. പാലക്കാട് മുണ്ടൂർ കയറംകോടില്‍ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം മൈലംപുള്ളിയിലെ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
യാത്ര പോലും പറയാനാവാതെ ആനക്കലിയിൽ മകൻ തന്‍റെ കൺമുന്നിൽ പിടഞ്ഞ് മരിക്കുന്നത് കണ്ട് തളർന്ന അമ്മയുടെ ദൈന്യത. നിലവിളി കേട്ട് ആന പിന്മാറിയിരുന്നുവെങ്കില്‍ എന്‍റെ മോന്‍ ജീവനോടെയുണ്ടാവുമായിരുന്നുവെന്ന് വേദനയോടെ പറഞ്ഞൊരു അമ്മ. ഒടുവിൽ ശരീരം പുളയുന്നതിനിടയിലും വേദന സഹിച്ച് മകന്‍റെ ചേതനയറ്റ ശരീരം കണ്ട് നീറിപ്പുകഞ്ഞ് പാവം തളര്‍ന്നു. ഗുരുതര പരുക്ക് കാരണം ഡോക്ടർമാർ വിലക്കിയിട്ടും മകനെ കാണണമെന്ന് വാശിപിടിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ചികില്‍സയ്ക്കിടെ ആംബുലന്‍സില്‍ വീട്ടിലെത്തുകയായിരുന്നു. അത്രയേറെ ആത്മബന്ധമുള്ള മകന് ഒടുവിൽ കരഞ്ഞ് തളര്‍ന്ന് യാത്രാമൊഴി നൽകുകയായിരുന്നു വേദനയ്ക്കിടയിലും അമ്മ.
അലന് അന്ത്യ യാത്ര പറയാൻ നിരവധി പേരാണ് വീട്ടിലെത്തിയത്. അച്ഛനെയും സഹോദരിയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ പാട് പെടുന്നുണ്ടായിരുന്നു. ജനപ്രതിനിധികൾ, അലന്‍റെ സുഹൃത്തുക്കൾ തുടങ്ങി അണമുറിയാത്ത തിരക്കായിരുന്നു കണ്ണാടൻ ചോലയിലെ വീട്ടിലേക്ക്. ഇനിയൊരാൾക്കും ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വരരുതെന്ന് ഓർമപ്പെടുത്തൽ. പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം മൈലംപുള്ളി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് കടയിലെത്തി സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അലനെയും അമ്മ വിജിയെയും വീടിന് മീറ്ററുകൾ മാത്രം അകലെ വച്ച് കാട്ടാന ആക്രമിച്ചത്.