പാലക്കാട് മുണ്ടൂര്‍ കയറംകോടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന് ജോസഫിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കണ്ണാടന്‍ചോലയിലെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൈലംപുള്ളി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ പള്ളി സെമിത്തേരിയിൽ ഒരു മണിയോടെ സംസ്ക്കരിക്കും.
അലനൊപ്പം കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ അമ്മ വിജി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. വിജിയുടെ ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും മകന്റെ സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് നിശ്ചയിക്കുക. വിജി പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയും അമ്മയ്ക്കു പരുക്കേൽക്കുകയും ചെയ്തതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആക്രമണം നടന്ന ദിവസം ആനയുടെ സാന്നിധ്യം സംബന്ധിച്ച വിവരം വനംവകുപ്പിനു ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ആനയുടെ ആക്രമണത്തിൽ അലൻ കൊല്ലപ്പെട്ടത്. പുതുപ്പരിയാരത്തുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ വീടിന് 100 മീറ്റർ അകലെയായിരുന്നു ആനയുടെ ആക്രമണം. അലന്റെ കുടുംബത്തിന് 6 ലക്ഷം രൂപയുടെ സഹായധനം എ.പ്രഭാകരൻ എംഎൽഎ കൈമാറി.